'സെസ് ഒഴിവാക്കൂ, രാജ്യത്തുടനീളം 70 രൂപയ്ക്ക് പെട്രോള്‍ നല്‍കാനാകും', കേന്ദ്രത്തോട് തെലങ്കാന മന്ത്രി

ഇന്ധനത്തിന്മേലുള്ള മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതിന് പിന്നാലെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച്
തെലങ്കാന വ്യവസായ വാണിജ്യ മന്ത്രി കെ ടി രാമറാവു. രാജ്യത്തുടനീളം പെട്രോളിന്റെയും ഡീസലിന്റെയും സെസ് പിന്‍വലിക്കണമെന്ന് രാമറാവു ആവശ്യപ്പെട്ടു. പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിന് ഉത്തരവാദി ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരാണെന്ന് അദ്ദേഹം ആരോപിച്ചു.

സംസ്ഥാനങ്ങള്‍ വാറ്റ് വര്‍ദ്ധിപ്പിക്കാതിരുന്നിട്ടും കുറയ്ക്കാന്‍ ആവശ്യപ്പെടുകയാണ്. 2014 മുതല്‍ തെലങ്കാന സര്‍ക്കാര്‍ ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

‘കേന്ദ്രസര്‍ക്കാര്‍ ചുമത്തിയ സെസ് കാരണം ഞങ്ങള്‍ക്ക് ശരിയായ വിഹിതത്തിന്റെ 41 ശതമാനം ലഭിക്കുന്നില്ല. സെസിന്റെ രൂപത്തില്‍, നിങ്ങള്‍ സംസ്ഥാനത്ത് നിന്ന് 11.4 ശതമാനം കൊള്ളയടിക്കുന്നു. 2023 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന് ആകെ 29.6 ശതമാനം മാത്രമാണ് ലഭിക്കുന്നത്. ദയവായി സെസ് ഒഴിവാക്കുക. അങ്ങനെയെങ്കില്‍ രാജ്യത്തുടനീളം പെട്രോള്‍ 70 രൂപയ്ക്കും ഡീസല്‍ 60 രൂപയ്ക്കും നല്‍കാനാകും.’ കെടിആര്‍ കൂട്ടിച്ചേര്‍ത്തു.

വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കണമെന്നാണ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

‘പെട്രോള്‍, ഡീസല്‍ വിലക്കയറ്റത്തിന്റെ ഭാരം കുറയ്ക്കുന്നതിന്, കഴിഞ്ഞ നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ കുറച്ചു. നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോടും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ചില സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കുകയും ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തു, എന്നാല്‍ ചില സംസ്ഥാനങ്ങള്‍ കുറച്ചില്ല’ മോദി ഇന്നലെ മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ പറഞ്ഞു.

മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, ജാര്‍ഖണ്ഡ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്നും ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ വിലക്കയറ്റം മൂലം വലയുകയാണെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പേര് എടുത്ത് പറഞ്ഞ് പ്രധാനമന്ത്രി വിമര്‍ശിച്ചത്.

നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ യഥാക്രമം 5 രൂപയും 10 രൂപയും വീതം കുറച്ചിരുന്നു. കേന്ദ്രത്തിന്റെ തീരുമാനത്തെത്തുടര്‍ന്ന് ബിജെപിയോ അവരുടെ സഖ്യകക്ഷികളോ ഭരിക്കുന്നതായ 25 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചിരുന്നു.