തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ശക്തമായ നേതൃമാറ്റ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് വിമതര്‍. കോണ്‍ഗ്രസിന് കൂട്ടായ നേതൃത്വം വേണമെന്ന് ജി 23 നേതാക്കള്‍ ആവശ്യപ്പെട്ടു.ബി.ജെ.പിയെ നേരിടാന്‍ സമാന മനസ്്കരുമായി കൂട്ടായ്മ രൂപീകരിക്കണം. ഇന്നലെ ഗുലാം നബി ആസാദിന്റെ വീട്ടില്‍ ചേര്‍ന്ന ജി 23 നേതാക്കളുടെ യോഗത്തിലാണ് വിലയിരുത്തല്‍. ഗുലാം നബി ആസാദ് ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.
കൂട്ടായ നേതൃത്വവും, പൊതുവായ തീരുമാനങ്ങളും എല്ലാ തലത്തിലും നടപ്പാക്കുക, എല്ലാവരേയും ഉള്‍ക്കൊള്ളിക്കുക എന്ന മാതൃക സ്വീകരിക്കുക മാത്രമാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ള ഏക വഴി എന്ന് യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് വിശ്വസനീയമായ ബദലിനുള്ള വഴി സൃഷ്ടിക്കുന്നതിന് സമാന ചിന്താഗതിക്കാരായ ശക്തികളുമായി ചര്‍ച്ച നടത്തണമെന്നും യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ നേതാക്കള്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. ബി.ജെ.പിയെ ചെറുക്കണമെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും നേതാക്കള്‍ പറഞ്ഞു.
ഇക്കാര്യങ്ങള്‍ സോണിയ ഗാന്ധിയെ കണ്ട് ധരിപ്പിക്കും. പാര്‍ട്ടിയില്‍ നിന്ന് പ്രവര്‍ത്തകര്‍ മാത്രമല്ല നേതാക്കളും പലായനം ചെയ്യുന്ന സ്ഥിതിയാണെന്ന് ജി 23 പറയുന്നു. മുന്നോട്ടുള്ള നടപടികള്‍ ഉടന്‍ അറിയിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
കപില്‍ സിബല്‍, ഭൂപേന്ദര്‍ സിങ് ഹൂഡ, ശശി തരൂര്‍, പി.ജെ കുര്യന്‍ എന്നിവര്‍ ഉള്‍പ്പടെ 18 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. സംഘടനാപരമായ പുനഃസ്ഥാപനം ആവശ്യപ്പെട്ട് ജി 23 നേതാക്കള്‍ 202ലും സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് അധ്യക്ഷന്മാരോട് സോണിയ ഗാന്ധി രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ജി 23 യോഗം വിളിച്ചത്.
നേതൃത്വത്തില്‍ നിന്ന് ഗാന്ധി കുടുംബം മാറി നില്‍ക്കണമെന്നും മറ്റേതെങ്കിലും നേതാവിന് അവസരം നല്‍കണമെന്നും കപില്‍ സിബല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.