ഹിജാബ് വിവാദത്തില്‍ ഹൈക്കോടതി വിധി വന്നതിന് പിന്നാലെ കുട്ടികളോട് വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ഹൈക്കോടതി യൂണിഫോം ശരിവച്ചിട്ടുണ്ട്. ഹിജാബ് ഒരു മതപരമായ ആചാരമല്ല. ഇത് കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ചുള്ള വിഷയമായിരുന്നു എന്നും വിദ്യാഭ്യാസത്തേക്കാള്‍ പ്രാധാന്യമുള്ള മറ്റൊന്നുമില്ലെന്നും ബൊമ്മൈ പറഞ്ഞു.
വിദ്യാഭ്യാസമാണ് പ്രധാനം. കുട്ടികള്‍ ആരും പരീക്ഷ ബഹിഷ്‌കരിക്കുകയോ, പുറത്ത് നില്‍ക്കുകയോ ചെയ്യരുത്. പരീക്ഷയെഴുതി നിങ്ങളുടെ ഭാവി രൂപപ്പെടുത്തണം. ഉത്തരവ് അംഗീകരിച്ച് വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഭാവിക്ക് പ്രാധാന്യം നല്‍കണം.
ഹൈക്കോടതി ഉത്തരവ് എല്ലാവരും പാലിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ബൊമ്മൈ അറിയിച്ചു.
ഹിജാബ് വിവാദത്തിലുടനീളം ഭരണകക്ഷിയായ ബി.ജെ.പി പ്രതിപക്ഷ ആക്രമണത്തിനിരയായിരുന്നു. സര്‍ക്കാര്‍ വിഷയം വര്‍ഗീയവല്‍ക്കരിക്കുകയാണ് എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
ഹിജാബ് നിരോധനം കര്‍ണാടക ഹൈക്കോടതി ശരിവച്ചിരുന്നു. ഹിജാബ് അനിവാര്യമല്ലെന്നും, മൗലികാവകാശമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിലെ വിശാല ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഹിജാബ് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്നും സ്‌കൂളുകളില്‍ യൂണിഫോമിനെ വിദ്യാര്‍ത്ഥികള്‍ക്ക് എതിര്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു.
വിഷയത്തില്‍ സര്‍ക്കാരിന് നിയന്ത്രണം നടപ്പാക്കാന്‍ അവകാശമുണ്ടെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള വിശാല ബെഞ്ചാണ് ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ തള്ളിയത്.