രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെതിരെയുള്ള ലോക്‌സഭ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ ‘രാഷ്ട്രപത്‌നി’ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് മനിഷ് തിവാരി. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ സ്ത്രീ ആയാലും പുരുഷനായാലും അവര്‍ ആദരവ് അര്‍ഹിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ലിംഗഭേദത്തിന്റെ മതിഭ്രമത്തില്‍ സ്വയം നഷ്ടപ്പെടുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. സ്ഥാനത്തിന് അനുസരിച്ച് ബഹുമാനം നല്‍കണം. ഒരു പ്രത്യേക സ്ഥാനത്തുള്ള ഏതൊരു വ്യക്തിയും ആ സ്ഥാനവുമായി തുല്യരാണെന്നും ട്വീറ്റില്‍ പറയുന്നു. ഒരു ഹിന്ദി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശം.
ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ബിജെപി അംഗങ്ങള്‍ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ദ്രൗപദി മുര്‍മുവിനെയും ഭരണഘടനാ പദവിയെയും അപമാനിക്കാന്‍ ശ്രമിച്ചെന്നും ഇതില്‍ കോണ്‍ഗ്രസ് അധ്യക്ഷ ഉള്‍പ്പെടെ മാപ്പു പറയണമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആവശ്യപ്പെട്ടു.
അതേസമയം പരാമര്‍ശം നാക്കുപിഴ ആയിരുന്നെന്നായിരുന്നു അധീര്‍ രഞ്ജന്‍ ചൗധരിയുടെ വിശദീകരണം. രാഷ്ട്രപതിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. നേരിട്ട് മാപ്പ് പറയാന്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അടുത്ത മാസം മൂന്നിന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.