ജാര്‍ഖണ്ഡില്‍ മരം മുറിച്ചതിന് 30കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് സിംടേഗ ജില്ലയിലെ കോലേബിറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മരം മുറിച്ച് മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ആളുകള്‍ കൂട്ടം ചേര്‍ന്ന് വടിയും ഇഷ്ടികയും ഉപയോഗിച്ച് സഞ്ജുവിനെ മര്‍ദ്ദിക്കുകയായിരുന്നു.
ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം ഇയാളുടെ ശരീരം അവര്‍ തീ കത്തിച്ചുവെന്നും സഞ്ജുവിന്റെ കുടുംബം പൊലീസിനോട് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 2021 ഒക്ടോബറിലാണ് മരം വെട്ടിയത്. മുണ്ട സമുദായം മതപരമായി ഏറെ പ്രാധാന്യം നല്‍കുന്ന മരമാണ് ഇയാള്‍ വെട്ടിയത്. മരം മുറിക്കുകയും അതിന്റെ ചില്ലകള്‍ വില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തി എന്ന് ആരോപിച്ച് കുറച്ചാളുകള്‍ യോഗം ചേര്‍ന്ന് സഞ്ജുവിനെ ആക്രമിയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ഇയാളുടെ കത്തിക്കരിഞ്ഞ മൃതദേഹം ബെസരജര ബസാര്‍ പ്രദേശത്ത് കണ്ടെത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. മര്‍ദ്ദനമാണോ തീ കത്തിച്ചതാണോ മരണകാരണം എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ വ്യക്തമാകും. പ്രതികളെ തിരിച്ചറിയുകയാണ് എന്നും സിംടേഗയിലെ പൊലീസ് സൂപ്രണ്ട് ഡോ ഷംസ് തബ്രസ് അറിയിച്ചു.
Read more
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാനും പൗരന്മാരുടെ ഭരണഘടാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനുമായി ജാര്‍ഖണ്ഡ് നിയമസഭ നിയമം പാസാക്കിയതിന് പിന്നാലെയാണ് ഈ സംഭവം. ഡിസംബറിലാണ് ആള്‍ക്കൂട്ട ആക്രമണവും മര്‍ദ്ദനവും തടയല്‍ ബില്‍ 2021 പാസാക്കിയത്. ഇത് പ്രകാരം കുറ്റം ചെയ്യുന്നവര്‍ക്ക് മൂന്നുവര്‍ഷം മുതല്‍ ജീവപര്യന്തംവരെ തടവും പിഴയുമാണ് ശിക്ഷ.