'ഹിമാലയന്‍ യോഗി വ്യാജം?; എന്‍.എസ്.ഇ മുന്‍ മേധാവി ചിത്ര രാമകൃഷ്ണ അറസ്റ്റില്‍

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ എന്‍.എസ്.ഇയുടെ മുന്‍ മേധാവി ചിത്രരാമകൃഷ്ണ അറസ്റ്റില്‍. സി.ബി.ഐ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

കേസുമായി ബന്ധപ്പെട്ട് എന്‍.എസ്.ഇ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്‌മണ്യനെ ഫെബ്രുവരി 24ന് സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. എന്‍.എസ്.ഇയുടെ മുന്‍ സി.ഇ.ഒയായ ചിത്ര രാമകൃഷ്ണയും ഒരു യോഗിയും തമ്മില്‍ നടന്ന ഇമെയില്‍ സന്ദേശങ്ങള്‍ സംബന്ധിച്ച് 2018ലാണ് സെബി കേസെടുത്തത്. എന്‍.എസ്.ഇയുടെ സെര്‍വറുകളില്‍ ചില ബ്രോക്കര്‍മാര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. എന്‍.എസ്.ഇയുടെ രഹസ്യ വിവരങ്ങള്‍ യോഗിക്ക് കൈമാറിയിരുന്നു.

എന്നാല്‍ അറസ്റ്റിലായ ആനന്ദ് സുബ്രഹ്‌മണ്യന്‍ തന്നൊണ് ഹിമാലയന്‍ യോഗി എന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. ഇയാളുമായി ചിത്രയ്ക്ക് അടുത്ത ബന്ധമുള്ളതായി സി.ബി.ഐ വ്യക്തമാക്കി. യോഗിയെന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥരെ ചിത്ര രാമകൃഷ്ണ തെറ്റിദ്ധരിപ്പിച്ചതാകാം എന്നാണ് സി.ബി.ഐയുടെ നിഗമനം.

2013 മുതല്‍ 2016 വരെയാണ് ചിത്ര രാമകൃഷ്ണ എന്‍.എസ്.ഇ എംഡിയും സി.ഇ.ഒയുമായി പ്രവര്‍ത്തിച്ചത്. നേരത്തെ ചിത്ര രാമകൃഷ്ണനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. 2014 മുതല്‍ 2016 വരെ എന്‍.എസ്.ഇയിലെ പല തീരുമാനങ്ങളും യോഗിയുടെ നിര്‍ദ്ദേശ പ്രകാരമാണ് എടുത്തത് എന്ന് അവര്‍ മൊഴി നല്‍കിയിരുന്നു. രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയതിന് സെബി ചിത്രക്ക് മൂന്ന് കോടി രൂപ പിഴയും ചുമത്തിയിരുന്നു.

Read more

2013-ലാണ് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) ചീഫ് സ്ട്രാറ്റജിക് അഡൈ്വസറായി ആനന്ദ് സുബ്രഹ്‌മണ്യനെ നിയമിച്ചത്. 2015ല്‍ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസറായി സ്ഥാനക്കയറ്റം ലഭിച്ചു. അഴിമതി ആരോപണത്തെ തുടര്‍ന്ന് 2016 മുതല്‍ അദ്ദേഹം നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്ന് വിട്ടുനിന്നു.