തമിഴ്‌നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്തസേനാ തലവൻ ബിപിൻ റാവത്തും ഭാര്യയുമടക്കം 13 പേർ മരിച്ച സംഭവത്തിൽ വിവാദ ട്വീറ്റ് ചെയ്ത തമിഴ് യൂട്യൂബർ അറസ്റ്റിൽ. ഡിഎംകെ ഭരണത്തിനു കീഴിൽ തമിഴ്‌നാട് കശ്മീർ ആയി മാറുകയാണോ എന്ന് ട്വീറ്റ് ചെയ്ത യൂ ട്യൂബർ മാരീദാസാണ് അറസ്റ്റിലായത്.
കോപ്റ്റർ അപകടത്തിനു പിന്നിൽ ഗൂഢാലോചനയ്ക്കു സാദ്ധ്യതയുണ്ടെന്നും ദേശവിരുദ്ധ ശക്തികളെ തടയേണ്ടതുണ്ടെന്നും ട്വീറ്റിൽ പറഞ്ഞിരുന്നു.
വിവാദമായതോടെ മാരിദാസ് ട്വീറ്റ് നീക്കം ചെയ്‌തെങ്കിലും പൊലിസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അതേസമയം സംയുക്തസേനാ തലവൻ ബിപിൻ റാവത്ത് അടക്കം മരിച്ച ഹെലികോപ്റ്റർ അപകടത്തിൽ ആളുകൾക്കിടയിൽ സംശയയങ്ങൾ ഉണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.
അടുത്ത കാലത്തായി ചൈനയ്ക്കും പാകിസ്ഥാനുമെതിരായ രാജ്യത്തിന്റെ സൈനിക നീക്കങ്ങൾ രൂപപ്പെടുത്തുന്നതിൽ ജനറൽ റാവത്ത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതിനാൽ ഇത്തരമൊരു അപകടം നടക്കുമ്പോൾ ജനങ്ങളുടെ മനസ്സിൽ സംശയങ്ങൾ ഉയരുന്നുണ്ടെന്നും രാജ്യസഭാ എം.പി കൂടിയായ സഞ്ജയ് റാവത്ത് പറഞ്ഞു.
പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് ആസൂത്രണം ചെയ്യുന്നതിൽ ജനറൽ റാവത്ത് നിർണായക പങ്ക് വഹിച്ചതായും അദ്ദേഹം പറഞ്ഞു. ജനറൽ റാവത്ത് സഞ്ചരിച്ചിരുന്നത് രണ്ട് എഞ്ചിനുകളാൽ പ്രവർത്തിക്കുന്ന ഹെലികോപ്റ്ററിലാണ്. സായുധ സേനയെ നവീകരിച്ചതായി അവകാശപ്പെടുമ്പോൾ ഇത് എങ്ങനെ സംഭവിക്കുമെന്ന കാര്യം ഓർത്ത് തനിക്ക് അത്ഭുതം തോന്നുന്നെന്നും അദ്ദേഹം പറഞ്ഞു.