ഒമൈക്രോണ്‍ ബാധിച്ചവരില്‍ പിന്നീട് ഡെല്‍റ്റ അടക്കമുള്ള വകഭേദങ്ങള്‍ പിടിപെടാനുള്ള സാധ്യത കുറവണെന്ന് ഐ.സി.എം.ആറിന്റെ പഠനത്തില്‍ കണ്ടെത്തല്‍. ഒമൈക്രോണ്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ ഡെല്‍റ്റ ഉള്‍പ്പെടെയുള്ള മറ്റ് വകഭേദങ്ങള്‍ക്ക് എതിരെയും ഫലപ്രദമാണെന്നാണ് പറയുന്നത്.
ഒമൈക്രോണ്‍ ബാധിച്ച വ്യക്തികള്‍ക്ക് കാര്യമായ രോഗപ്രതിരോധ ശേഷി ഉണ്ടെന്ന് ഐ.സി.എം.ആര്‍ പഠനത്തില്‍ വ്യക്തമാക്കുന്നു. ഇത് രണ്ടാമത് വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
ഒമൈക്രോണ്‍ ബാധിച്ച 39 വ്യക്തികളിലാണ് പഠനം നടത്തിയത്. ഇവരില്‍ 25 പേര്‍ അസ്ട്രസെനെക്ക വാക്‌സിന്‍ രണ്ട് ഡോസുകളും എടുത്തിരുന്നു, എട്ട് പേര്‍ രണ്ട് ഡോസ് ഫൈസര്‍ വാക്‌സിന്‍ എടുത്തിരുന്നു. ആറ് പേര്‍ വാക്‌സിനേഷന്‍ എടുക്കാത്തവര്‍ ആയിരുന്നു. ഇതില്‍ 28 പേരും യു.എ.ഇ, യു.എസ്, യു.കെ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരും, 11 പേര്‍ അവരുമായി സമ്പര്‍ക്കം ഉണ്ടായിരുന്നവരും ആയിരുന്നു.
Read more
അതേസമയം രാജ്യത്തെ ഡ്രഗ് റെഗുലേറ്ററില്‍ നിന്ന് ഉടന്‍ വിപണി അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന കോവിഡ് വാക്‌സിനുകളായ കോവീഷീല്‍ഡ്, കോവാക്സിന്‍ എന്നിവയുടെ വില ഏകീകരിച്ചേക്കും. ഒരു ഡോസിന് 275 രൂപയായി പരിമിതപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ സേവന ചാര്‍ജായി 150 രൂപ അധികം ഈടാക്കും. വില പരിധി നിശ്ചയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിക്ക് (എന്‍.പി.പി.എ) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.