പണം തട്ടിപ്പ് കേസിൽ നടി ലീന മരിയ പോളിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ബിസിനസുകാരിൽ നിന്ന് പണം തട്ടുന്നതിനായി നിരവധി ആളുകളെ വഞ്ചിച്ചെന്ന ആരോപണം നേരിടുന്ന സുകേഷ് ചന്ദ്രശേഖറിനെ സഹായിച്ചതിനാണ് നടി ലീന മരിയ പോൾ അറസ്റ്റിലായത്. ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) ആണ് ലീനയെ അറസ്റ്റ് ചെയ്തത്.
തട്ടിപ്പിലൂടെ കോടികൾ സമ്പാദിച്ചു എന്ന ആരോപണം നേരിടുന്ന സുകേഷ് ചന്ദ്രശേഖറിന്റെ ഭാര്യയാണ് ലീന മരിയ പോൾ. ബോളിവുഡ് ചിത്രമായ മദ്രാസ് കഫെ ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ലീന മരിയ പോളിനെ നേരത്തെ പലതവണ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തിരുന്നു.
കേസിന്റെ അന്വേഷണത്തിനിടെ, സുകേഷ് ചന്ദ്രശേഖറിന്റെ പണംതട്ടൽ റാക്കറ്റിൽ ലീന മരിയ പോൾ സജീവമായി ഇടപെട്ടിരുന്നതിന്റെ തെളിവുകൾ ഇഡി ഉദ്യോഗസ്ഥർ ശേഖരിച്ചതായാണ് റിപ്പോർട്ട്. ലീന മരിയ പോൾ നിരവധി ബിസിനസുകാരെയും അവരുടെ കുടുംബാംഗങ്ങളെയും കബളിപ്പിച്ചതായി ആരോപണമുണ്ട്.
ജയിലിൽ കഴിയവേ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനെന്ന വ്യാജേന ഫോൺ വിളിച്ച് ബിസിനസുകാരന്റെ ഭാര്യയിൽ നിന്ന് 200 കോടി രൂപ സുകേഷ് ചന്ദ്രശേഖർ തട്ടിയെടുത്തു എന്ന് ആരോപണമുണ്ട്. ഇയാളുടെ റാക്കറ്റിന്റെ ഭാഗമായതിന് നിരവധി ജയിൽ, ബാങ്ക് ഉദ്യോഗസ്ഥരും അറസ്റ്റിലായിട്ടുണ്ട്.
ഈയിടെ, ചെന്നൈയിലെ സുകേഷ് ചന്ദ്രശേഖറിന്റെ ബംഗ്ലാവിൽ ഇ.ഡി റെയ്ഡ് നടത്തിയപ്പോൾ പ്രമുഖ ബ്രാൻഡുകളുടെ കോടിക്കണക്കിന് രൂപ വില വരുന്ന 16 ആഡംബര കാറുകളും വസ്ത്രങ്ങളും ഫാഷൻ ഉത്പന്നങ്ങളും കണ്ടെത്തി. ആഡംബര ജീവിതം നയിക്കാൻ സുകേഷ് ചന്ദ്രശേഖറിന്റെ അനധികൃത സമ്പാദ്യമാണ് ലീന ഉപയോഗിക്കുന്നതെന്നും ഇഡി കണ്ടെത്തി.