'ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകും'; അസദുദ്ദീന്‍ ഒവൈസി

ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരു ദിവസം ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എ.ഐ.എം.ഐ.എം നേതാവും ലോക്സഭ എംപിയുമായ അസദുദ്ദീന്‍ ഒവൈസി. കര്‍ണാടകയില്‍ ഹിജാബ് ധരിച്ചതിന്റെ പേരില്‍ ഒരു കൂട്ടം മുസ്ലീം വിദ്യാര്‍ത്ഥിനികളെ കോളജുകളില്‍ പ്രവേശിപ്പിക്കുന്നത് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരിക്കുകായായിരുന്നു അദ്ദേഹം.

ഹിജാബ് ധരിച്ച സ്ത്രീകള്‍ കോളജില്‍ പോകുമെന്നും ജില്ലാ കളക്ടര്‍മാര്‍, മജിസ്ട്രേറ്റ്മാര്‍, ഡോക്ടര്‍മാര്‍, ബിസിനസുകാരികള്‍ തുടങ്ങിയവരാവുമെന്നും ഒവൈസി ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

‘അത് കാണാന്‍ ഒരുപക്ഷേ ഞാന്‍ ജീവിച്ചിരിക്കണമെന്നില്ല, പക്ഷേ എന്റെ വാക്കുകള്‍ കുറിച്ച് വച്ചോളൂ, ഒരു ദിവസം ഹിജാബ് ധരിച്ച പെണ്‍കുട്ടി പ്രധാനമന്ത്രിയാകും.’ഒവൈസി പറഞ്ഞു.

‘നമ്മുടെ പെണ്‍മക്കള്‍ ഹിജാബ് ധരിക്കണമെന്ന് തീരുമാനിക്കുകയും അത് അവരുടെ മാതാപിതാക്കളോട് പറയുകയും ചെയ്താല്‍, അവരുടെ മാതാപിതാക്കള്‍ അവരെ പിന്തുണയ്ക്കും. ആര്‍ക്കാണ് അവരെ തടയാന്‍ കഴിയുക എന്ന് നോക്കാം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസമാണ് കര്‍ണാടക ഉഡുപ്പി ഗവണ്‍മെന്റ് പ്രീ യൂണിവേഴ്സിറ്റി കോളജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികള്‍ക്ക് ക്ലാസില്‍ കയറാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഹിജാബ് സമരം ആരംഭിച്ചത്. വിഷയം പിന്നീട് വിവാദമാവുകയും മറ്റ് ജില്ലകളിലേക്ക് വ്യാപിക്കുകയും ചെയ്തു.

കര്‍ണാടക ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ തുടരുകയാണ്. അന്തിമ ഉത്തരവ് വരുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് മാറ്റി വച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ആക്രമങ്ങളും സംഘര്‍ഷാവസ്ഥയും കണക്കിലെടുത്ത് ഫെബ്രുവരി 16 വരെ കോളജുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.