ഉത്തര്‍ പ്രദേശില്‍ ബി.ജെ.പി വീണ്ടും റെക്കോര്‍ഡ് വിജയം സ്വന്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സംസ്ഥാന നിയമസഭയില്‍ ബി.ജെ.പിയുടെ സീറ്റുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് തന്റെ പാര്‍ട്ടി കാണിച്ചു തന്നുവെന്ന് അഖിലേഷ് യാദവ് ട്വിറ്ററില്‍ കുറിച്ചു. പാര്‍ട്ടിയോടൊപ്പം നിന്ന വോട്ടര്‍മാര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
സമാജ്‌വാദി പാര്‍ട്ടിയുടെ സീറ്റുകള്‍ രണ്ടര മടങ്ങ് വര്‍ദ്ധിച്ചതായി അഖിലേഷ് യാദവ് പറഞ്ഞു. വോട്ട് ശതമാനത്തില്‍ ഒന്നര മടങ്ങ് വര്‍ദ്ധനവുണ്ടായി. ബി.ജെ.പിയുടെ സീറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ തെളിയിച്ചു. അതി ഇനിയും കുറയുമെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങളുടെ സീറ്റ് രണ്ടര മടങ്ങും വോട്ട് ശതമാനം ഒന്നര ഇരട്ടിയും വര്‍ധിപ്പിച്ചതിന് യുപിയിലെ ജനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി! ബി.ജെ.പി സീറ്റുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ തെളിയിച്ചു. ബി.ജെ.പിയുടെപതനം തുടരും. പകുതിയിലധികം അസത്യങ്ങളും തുടച്ചുനീക്കപ്പെട്ടു. ബാക്കിയുള്ളതും വരും ദിവസങ്ങളില്‍ നീക്കപ്പെടും. പൊതുതാല്‍പ്പര്യത്തിനായുള്ള പോരാട്ടം വിജയിക്കും!’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഉത്തര്‍ പ്രദേശില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 255 സീറ്റുകള്‍ നേടിയാണ് രണ്ടാമത് വീണ്ടും അധികാരത്തില്‍ എത്തിയത്. 1985ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് ഒരു ഭരണകക്ഷി വീണ്ടും അധികാരത്തിലെത്തുന്നത്. സമാജ്വാദി പാര്‍ട്ടി 111 സീറ്റുകളാണ് നേടിയത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തകര്‍ന്നടിഞ്ഞു. രണ്ട് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞത്.