സ്ഥിരമായി വീട്ടില്‍ കലഹമുണ്ടാക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത ഭാര്യയില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നാല്‍പ്പതുകാരന്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തിരുച്ചിറപ്പള്ളി സ്വദേശിയായ എം. ശരവണന്‍ (41) എന്നയാളാണ് പൊലീസിനെ സമീപിച്ചത്. അടുത്തിടെ വഴക്കിനെ തുടര്‍ന്ന് തിളച്ച എണ്ണ ദേഹത്തേക്കൊഴിച്ച് ഭാര്യ കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ഇയാള്‍ പറഞ്ഞു.
ഹോട്ടല്‍ തൊഴിലാളിയായ ശരവണന്‍ കൂട്ടുകുടുംബമായാണ് താമസിക്കുന്നത്. ഭര്‍ത്തൃമാതാവുമായി സ്ഥിരം വഴക്കിട്ടിരുന്ന ഇയാളുടെ ഭാര്യ ഗാന്ധിമതി വീട്ടില്‍ നിന്ന് തനിച്ചു മാറിത്താമസിക്കണമെന്ന് ശരവണനോട് ആവശ്യപ്പെട്ടിരുന്നു. ഈ മാസമാദ്യവും ഇതേച്ചൊല്ലി ഗാന്ധിമതി അമ്മയോട് വഴക്കിട്ടതോടെ ശരവണന്‍ ഇടപെടുകയും ഭാര്യയെ തല്ലുകയും ചെയ്തു.
ഇതോടെ അടുക്കളയിലേക്കോടിയ ഗാന്ധിമതി അവിടെ കതകടച്ചിരിക്കാന്‍ തുടങ്ങി. ഭാര്യ എന്തെങ്കിലും കടുംകൈ ചെയ്യുമോ എന്നുഭയന്ന ശരവണന്‍ കുറച്ചു സമയത്തിനുശേഷം അടുക്കളയുടെ ജനല്‍പാളി പൊളിച്ച് അകത്തേക്ക് നോക്കി. എന്നാല്‍ ഈ സമയം കൊണ്ട് അടുക്കളയില്‍ എണ്ണ തിളപ്പിച്ച ഗാന്ധിമതി അതെടുത്ത് ജനലിലൂടെ പുറത്തേക്കൊഴിച്ചു. മുഖത്തും ദേഹത്തും തിളച്ച എണ്ണ വീണതില്‍ സാരമായി പൊള്ളലേറ്റ ശരവണന്‍ രണ്ടാഴ്ചയോളം ആശുപത്രിയിലായിരുന്നു.
എന്നാല്‍ ഈസമയം ഗാന്ധിമതി ആശുപത്രിയിലേക്ക് എത്തിയതേയില്ലെന്ന് ശരവണന്‍ പറഞ്ഞു. അതേസമയം, സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ ഭര്‍ത്താവും ഭര്‍ത്തൃമാതാവും പീഡിപ്പിക്കുന്നതായി കാട്ടി ഗാന്ധിമതി ശ്രീരംഗം പൊലീസില്‍ പരാതി നല്‍കി. പൊലീസിന്റെ സമന്‍സ് ലഭിച്ചപ്പോഴാണ് ഭാര്യ പരാതിപ്പെട്ട കാര്യം ശരവണന്‍ അറിഞ്ഞത്.
അന്വേഷണത്തില്‍ സത്യം മനസ്സിലായതോടെ പൊലീസുകാര്‍ ഗാന്ധിമതിക്ക് കൗണ്‍സലിംഗ് നല്‍കി. എന്നാല്‍ കുടുംബവീട്ടില്‍ നിന്ന് മാറിത്താമസിക്കണമെന്ന് ഗാന്ധിമതി ഉപാധി വെച്ചു. സമവായമെന്ന നിലയില്‍ ഇത് അംഗീകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ശരവണന്‍ അതിന് തയ്യാറായില്ല. ജീവനില്‍ പേടിയുള്ളതിനാല്‍ ഇനി ഭാര്യക്കൊപ്പം താമസിക്കാനാകില്ലെന്ന് ശരവണന്‍ പറഞ്ഞു. തുടര്‍ന്നാണ് ഭാര്യയില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്.