ഉത്തരാഖണ്ഡിലെ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു. തൊഴിലാളികൾ ടണലിനുള്ളിൽ കുടുങ്ങിയിട്ട് ഇന്ന് പതിനഞ്ച് ദിവസമാവുകയാണ്. എന്നാൽ രക്ഷാപ്രവർത്തനത്തിന് സ്ഥാപിച്ച പൈപ്പിൽ തുരക്കുന്ന യന്ത്രം കുടുങ്ങിയതോടെ രക്ഷാദൗത്യം പ്രതിസന്ധിയിലാണ്.
ഇന്നുച്ചയോടെ യന്ത്ര ഭാഗങ്ങൾ പൂർണമായും മുറിച്ചു നീക്കാനായേക്കും. ഇതിനുശേഷമായിരിക്കും ഡ്രില്ലിംഗ് പുനരാരംഭിക്കുക. ആഗർ മെഷീൻ തകരാറിലായ സാഹചര്യത്തിൽ വിദഗ്ധരെ ഉപയോഗിച്ച് നേരിട്ടാണ് ഡ്രില്ലിംഗ്ന നടത്തുന്നത്. യന്ത്ര ഭാഗം നീക്കിയ ശേഷം മാത്രമേ വിദഗ്ധർക്ക് പൈപ്പിൽ കയറി ഇരുമ്പ് കമ്പിയും സ്റ്റീൽ ഭാഗങ്ങളും മുറിക്കാനാകൂ.
വനമേഖലയിൽ നിന്ന് ലംബമായി കുഴിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. തുരങ്കം വഴിയുള്ള രക്ഷാദൗത്യം പൂർണമായും പരാജയപ്പെട്ടാൽ മാത്രമായിരിക്കും ലംബമായി കുഴിക്കുന്നത് തുടങ്ങുക. ഇതിനിടെ, രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ട്രയല്‍ റണ്‍ കഴിഞ്ഞദിവസം നടന്നിരുന്നു. സ്റ്റേക്ച്ചര്‍ ഉപയോഗിച്ച് തുരങ്കത്തില്‍ നിന്ന് ആളുകളെ രക്ഷിച്ച് കൊണ്ട് വരുന്നതിന്റെ ട്രയലാണ് നടന്നത്.
Read more
അതേസമയം, തൊഴിലാളികളെ രക്ഷിക്കാനുള്ള ഒരുക്കങ്ങള്‍ പുറത്ത് പൂർത്തിയായിരിക്കുകയാണ്. രക്ഷപ്പെടുത്തുന്ന തൊഴിലാളികൾക്കായി 41 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ഉത്തരകാശിയിൽ ടണലിനടുത്തുള്ള ചിന്യാലിസൗറിലാണ് ആശുപത്രി സജ്ജീകരിച്ചത്. വൈദ്യപരിശോധന ഇവിടെ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ചിന്യാലിസൗറിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്.