ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിയന്ത്രണം വിട്ട ഇലക്ട്രിക് ബസ് കാല്‍നട യാത്രക്കാര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ ആറ് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാണ്‍പൂരിലെ ടാറ്റ് മില്‍ ക്രോസ്‌റോഡിന് സമീപത്താണ് അപകടം ഉണ്ടായത്. അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് വാഹനങ്ങളെയും വഴിയാത്രക്കാരെയും ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് മൂന്ന് കാറുകളും നിരവധി ബൈക്കുകളും തകര്‍ത്തു. തുടര്‍ന്ന് ഒരു ലോറിയില്‍ ഇടിച്ച് നിര്‍ത്തുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബസിന്റെ ഡ്രൈവര്‍ ഒളിവിലാണ്. ഇയാളെ കണ്ടത്താനായി തിരച്ചില്‍ നടത്തുകയാണ് എന്ന് ഈസ്റ്റ് കാണ്‍പൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പ്രമോദ് കുമാര്‍ പറഞ്ഞു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. കാണ്‍പൂര്‍ ബസ് അപകടത്തില്‍ അഗാധമായ ദുഃഖമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനം. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. കാണ്‍പൂരിലെ അപകടം ദൗര്‍ഭാഗ്യകരമായ വാര്‍ത്തയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനം. അപകടത്തില്‍ പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു എന്നാണ് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.