യുപി മുസഫർനഗറില്‍ കുടിയേറ്റ തൊഴിലാളികളുടെ മേല്‍ ബസ് പാഞ്ഞു കയറി ആറ് പേര്‍ മരിച്ചു. ബിഹാറിലേക്ക് കാൽനടയായി യാത്ര ചെയ്യുന്നതിനിടെയാണ് ഇവരുടെ മേല്‍ ബസ് പാഞ്ഞ് കയറിയത്. മരിച്ച തൊഴിലാളികള്‍ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
ലോക്ഡൗണിനെ തുടര്‍ന്ന് പഞ്ചാബില്‍ നിന്നും തങ്ങളുടെ സ്വദേശമായ ബിഹാറിലേക്കുള്ള യാത്രയിലായിരുന്നു തൊഴിലാളികള്‍. ബസ്സില്‍ ആരുമുണ്ടായിരുന്നുല്ലെന്നും അപകടം നടന്നപ്പോള്‍ തന്നെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു.
ലോക്ഡൗണില്‍ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്കെത്താനുള്ള നെട്ടോട്ടത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ കൂടി വരികയാണ്. മേയ് 8-നാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന 14 തൊഴിലാളികള്‍ തീവണ്ടിയിടിച്ച് മരിച്ചത്. മധ്യപ്രദേശിലേക്ക് റെയില്‍ ട്രാക്ക് വഴി നടന്നു പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ സംഘമാണ് അപകടത്തില്‍ പെട്ടത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട സംഘം ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നു.