ഇഷയില്‍ നിന്നും ആറുപേരെ കാണാതായെന്ന് പൊലീസ്; എന്ത് നടപടിയെടുത്തെന്ന് ഹൈക്കോടതി; 21 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് വേണം; താക്കീത്

കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനെതിരെ ഗുരുതര ആരോപണങ്ങളുമായി തമിഴ്‌നാട് പൊലീസ് മദ്രാസ് ഹൈക്കോടതിയില്‍. ഇഷയില്‍ നിന്ന് 2016 മുതല്‍ ആറുപേരെ കാണാതായെന്നാണ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

കോയമ്പത്തൂര്‍ ഇഷയില്‍ ജോലിചെയ്ത ഗണേശനെ കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ കാണാതായെന്നു കാണിച്ച് സഹോദരന്‍ തിരുമലൈ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ റിപ്പോര്‍ട്ട് തേടിയപ്പോഴാണ് ജസ്റ്റിസ് എം.എസ്. രമേഷ്, ജസ്റ്റിസ് സുന്ദര്‍ മോഹന്‍ എന്നിവരടങ്ങുന്ന ബെഞ്ചിനുമുമ്പാകെ പോലീസ് ആറുപേരെ കാണാതായതായി വാക്കാല്‍ മൊഴിനല്‍കിയത്.

ഇതില്‍ പൊലീസ് ഇതുവരെ എന്തു നടപടികളാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി ആരാഞ്ഞു. ഇഷ ഫൗണ്ടേഷനില്‍നിന്ന് കാണാതായവരുടെ കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കോടതിയില്‍ മറുപടി നല്‍കിയിട്ടുണ്ട്.

എല്ലാ അന്വേഷണത്തിന്റെയും തത്സ്ഥിതി റിപ്പോര്‍ട്ട് ഏപ്രില്‍ 18-നകം സമര്‍പ്പിക്കണമെന്ന് കോടതി പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കേസുകളിലെ തുടര്‍വാദം അന്നു നടക്കുമെന്നും അതേസമയം, ഇഷ ഫൗണ്ടേഷന്‍ ആരോപണം നിഷേധിച്ചു. ആറുപേരെ കാണാതായെന്ന വിവരം അസത്യവും അടിസ്ഥാനരഹിതവുമാണെന്ന് ഫൗണ്ടേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.