മാധ്യമ – പ്രസിദ്ധീകരണ വ്യവസായത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വലിയ തോതിൽ തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതായി പഠനം. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി (സി.എം.ഐ.ഇ) അനുസരിച്ച്, തൊഴിൽ നഷ്ടം ഏകദേശം 78% ആണ്.
2016 സെപ്റ്റംബറിൽ, മാധ്യമ -പ്രസിദ്ധീകരണ വ്യവസായത്തിൽ രാജ്യത്ത് 10.3 ലക്ഷത്തിലധികം ആളുകൾ ജോലി ചെയ്തിരുന്നു. ഈ വർഷം ഓഗസ്റ്റിലെ കണക്ക് പ്രകാരം ഇപ്പോഴത് വെറും 2.3 ലക്ഷമാണ്.
“അതായത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 78% മാധ്യമ പ്രവർത്തകർക്ക് ജോലി നഷ്ടപ്പെട്ടു അല്ലെങ്കിൽ ഈ മേഖല അവർ ഉപേക്ഷിച്ചു.” മുതിർന്ന മാധ്യമ പ്രവർത്തകൻ ഔനിന്ദ്യോ ചക്രവർത്തി ട്വീറ്റ് ചെയ്തു.
2018 -ൽ മാധ്യമ -പ്രസിദ്ധീകരണ മേഖലയിലെ തൊഴിലവസരങ്ങളിൽ വലിയ ഇടിവ് ആരംഭിച്ചു, കോവിഡ് പകർച്ചവ്യാധി തൊഴിൽ അവസരങ്ങൾ കുറയുന്നതിന്റെ ആക്കം കൂട്ടി. സിഎംഐഇ പഠനം ഉദ്ധരിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.