ഛത്തീസ്ഗഢ് നിയമസഭയില്‍ 80 ശതമാനം എംഎല്‍എമാരും കോടിപതികള്‍; ആസ്തിയില്‍ ഒന്നാം സ്ഥാനത്ത് ബിജെപി

ഛത്തീസ്ഗഢ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ 80 ശതമാനം പേരും കോടിപതികള്‍. തിരഞ്ഞെടുക്കപ്പെട്ട 90 എംഎല്‍എമാരില്‍ 72 പേരും കോടികള്‍ ആസ്തിയുള്ളവരാണ്. ബിജെപി എംഎല്‍എമാരാണ് സമ്പത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 54 ബിജെപി എംഎല്‍എമാരില്‍ 43 പേര്‍ക്കും കോടികളുടെ ആസ്തിയുണ്ട്.

സമ്പത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ 35 എംഎല്‍എമാരില്‍ 83 ശതമാനവും കോടീശ്വരന്‍മാരാണ്. ബിജെപി എംഎല്‍എ ഭവന്‍ ബോറയാണ് സമ്പത്തില്‍ ഒന്നാമത്. 33.86 കോടി രൂപയുടെ ആസ്തിയാണ് ഭവന്‍ ബോറയ്ക്ക്. പണ്ഡാരിയ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഭവന്‍. കോണ്‍ഗ്രസ് നേതാവും സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേല്‍ ആണ് സമ്പത്തിന്റെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

Read more

33.38 കോടി രൂപയുടെ ആസ്തിയാണ് ഭൂപേഷ് ബാഗേലിനുള്ളത്. ബിജെപി എംഎല്‍എ അമര്‍ അഗര്‍വാളാണ് 27 കോടിയലധികം ആസ്തിയുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. തിരഞ്ഞെടുപ്പില്‍ വിജയിച്ച ഒരു സ്ഥാനാര്‍ത്ഥിയുടെ ശരാശരി ആസ്തി 5.25 കോടി രൂപയാണ്. 2018ല്‍ ഇത് 11.63 കോടി ആയിരുന്നു. അതേ സമയം കോണ്‍ഗ്രസിന്റെ കവിതാ പ്രണ്‍ ലഹ്രേ(30) ആണ് ഛത്തീസ്ഗഢ് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ.