റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ അക്രമത്തില്‍ പൊലീസ് 22 കേസ് ഫയല്‍ ചെയ്തു. പൊതുമുതല്‍ നശിപ്പിക്കല്‍, ആയുധമുപയോഗിച്ച് പൊതുസേവകരെ ആക്രമിക്കല്‍ തുടങ്ങിയ കേസുകളാണ് പൊലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. എട്ട് ബസ്സുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 86 പൊലീസുകാര്‍ക്ക് ആക്രമണത്തിനിടെ പരിക്കേറ്റിട്ടുണ്ട്. മുകര്‍ബ ചൗക്, ഗാസിപുര്‍, ഡല്‍ഹി ഐടിഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് പൊലീസുകര്‍ക്ക് പരിക്കേറ്റത്. തിക്രിയിലും ഗാസിപുരിലും പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകര്‍ത്തുവെന്നും പൊലീസ് വ്യക്തമാക്കി.
പൊലീസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഡല്‍ഹി ഐടിഒയിലേക്ക് വലിയ സംഘമായി പ്രതിഷേധക്കാരെത്തി. ന്യൂഡല്‍ഹിയിലേക്ക് നീങ്ങാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് ആക്രമണം ആരംഭിച്ചത്. പൊലീസ് ബാരിക്കേഡുകള്‍ പ്രതിഷേധക്കാര്‍ പൂര്‍ണമായും തകര്‍ത്തു. ബാരിക്കേഡിനു സമീപം നിലകൊണ്ട പൊലീസുകാരെ ഇടിച്ചിട്ട് നീങ്ങാനുള്ള ശ്രമവും നടന്നു. തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ ചെങ്കോട്ടയിലേക്ക് നീങ്ങിയത്. കോട്ടയുടെ മുകളിലേക്ക് കയറി സിഖ് പതാക സ്ഥാപിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പ്രതിഷേധക്കാരെ ചെങ്കോട്ടയില്‍ നിന്ന് നീക്കാനായത്. വൈകുന്നേരത്തോടെ പ്രതിഷേധം അവസാനിച്ചതായും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ടാക്ടർ മാർച്ചിനിടയിലെ സംഘർഷം സൃഷ്ടിച്ച വരെ ശിക്ഷിക്കണമെന്ന് ഭാരതീയ് കിസാന്‍ സഭ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. ചെങ്കോട്ടയിൽ പ്രതിഷേധിക്കാൻ ആലോചന ഇല്ലായിരുന്നുവെന്നും അക്രമത്തെ പിന്തുണക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കർഷക സമരത്തെ തുടർന്ന് ഏർപ്പെടുത്തിയ പല നിയന്ത്രണങ്ങളും ഇന്നും തുടരും. ലാൽകില, ജുമ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങളിലെ മെട്രോ സ്റ്റേഷനുകൾ ഇന്നും അടഞ്ഞു കിടക്കും. മൊബൈൽ, ഇന്‍റർനെറ്റ് സേവനവും തടസപ്പെടും. സിംഘു, തിക്രി, ഗാസിപൂർ, മുകാബ്ര ചൗക് എന്നിവിടങ്ങളിലെ ഇന്‍റർനെറ്റ് സേവനമാണ് തടസപ്പെടുക. സംഘർഷത്തെ തുടർന്ന് ഈ പ്രദേശങ്ങളിലെ ഇന്‍റർനെറ്റ് സേവനം ചൊവ്വാഴ്ച ഉച്ചയോടെ നിർത്തിയിരുന്നു. ഇത് തുടരാനാണ് ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദേശം.