ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കും; ജനസംഖ്യാ കണക്കെടുപ്പിനുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് അമിത് ഷാ

ഇന്ത്യയിൽ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി മോദി സർക്കാരിൻ്റെ കാലത്തുതന്നെ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത ഷാ. പാർലമെന്ററി കമ്മിറ്റിയിലേക്ക് ശുപാർശ ചെയ്‌ത വഖഫ് ഭേദഗതി ബിൽ വരും ദിവസങ്ങളിൽ പാസാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ പറഞ്ഞു. അതേസമയം ജനസംഖ്യാ കണക്കെടുപ്പിനുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

കോവിഡ് 19 വ്യാപനം മൂലം അവതാളത്തിലായ സെൻസസിനെ സംബന്ധിച്ചുയർന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അമിത്ഷാ. അതേസമയം ജാതി സെൻസസിനുള്ള സാധ്യത തള്ളാതെയാണ് അമിത്ഷാ പ്രതികരിച്ചത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാർ 100-ദിനം പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനൊപ്പമാണ് അമിത് ഷാ മാധ്യമങ്ങളെ കണ്ടത്.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഈ സർക്കാരിൻ്റെ കാലത്തുതന്നെ നടപ്പാക്കുമെന്ന് പറഞ്ഞ അമിത് ഷാ ഇന്ത്യയുടെ വിദേശ നയത്തെ പുകഴ്ത്തുകയും ചെയ്‌തു. സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് കെട്ടുറപ്പുള്ള വിദേശനയമുള്ള ഒരു ഇന്ത്യൻ സർക്കാറിനെ ലോകം കാണുന്നതെന്ന് അമിത്ഷാ പറഞ്ഞു. അറുപത് കോടി ഇന്ത്യക്കാർക്ക് വീട് ലഭിച്ചു. ടോയ്ല‌റ്റുകൾ, ഗ്യാസ്, കുടിവെള്ളം, വൈദ്യുതി, 5കിലോഗ്രാം സൗജന്യ റേഷൻ. അടുത്ത തവണ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ വീടില്ലാത്ത ഒരാൾപോലും ഉണ്ടാകരുതെന്നാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.