ബോംബ് ഭീഷണിയെ തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ വൈകുകയും ഒരെണ്ണം സര്‍വീസ് ഒഴിവാക്കുകയും ചെയ്ത സംഭവത്തില്‍ മുംബൈയില്‍ കൗമാരക്കാരന്‍ അറസ്റ്റില്‍. നാല് വിമാനങ്ങള്‍ക്ക് നേരെ ആയിരുന്നു ഇയാള്‍ ബോംബ് ഭീഷണി ഉയര്‍ത്തിയത്. സുഹൃത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ ഭീഷണി സന്ദേശം അയച്ചത്.
സുഹൃത്തിനോടുള്ള പകയെ തുടര്‍ന്നായിരുന്നു കൗമാരക്കാരനായ പ്രതി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ഉയര്‍ത്തിയത്. സാമ്പത്തിക തര്‍ക്കമായിരുന്നു സുഹൃത്തിനോടുള്ള പകയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. ഇയാള്‍ സുഹൃത്തിന്റെ പേരിലുണ്ടാക്കിയ എക്‌സ് അക്കൗണ്ടിലൂടെയാണ് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയത്.
ഒക്ടോബര്‍ 14ന് ആയിരുന്നു കൗമാരക്കാരന്റെ പ്രതികാരം അരങ്ങേറിയത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കിടെ 12 വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉണ്ടായത്. ഇതേ തുടര്‍ന്ന് തുടര്‍ച്ചയായി ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയരുന്നതുമായി ബന്ധപ്പെട്ട് ഗതാഗത പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി യോഗം ചേര്‍ന്നിട്ടുണ്ട്.