ഗുജറാത്തില്‍ താമരയുടെ ഒരു ഇതള്‍ കൊഴിഞ്ഞു; ബിജെപി എംഎല്‍എ കേതന്‍ ഇനാംദാര്‍ രാജിവച്ചു

ഗുജറാത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി എംഎല്‍എ രാജിവച്ചു. വഡോദര ജില്ലയിലെ സാവ്‌ലി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ കേതന്‍ ഇനാംദാറാണ് രാജി സമര്‍പ്പിച്ചത്. ആത്മാഭിമാനത്തേക്കാള്‍ വലുതല്ല മറ്റൊന്നും എന്ന ഉള്‍വിളിയെ തുടര്‍ന്നാണ് രാജി വയ്ക്കുന്നതെന്ന് കേതന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സാവ്‌ലിയില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായ കേതന്‍ നിയമസഭ സ്പീക്കര്‍ ശങ്കര്‍ ചൗധരിക്കാണ് രാജി സമര്‍പ്പിച്ചത്. 2020ലും കേതന്‍ രാജി സമര്‍പ്പിക്കാന്‍ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ സ്പീക്കര്‍ അന്ന് കേതന്റെ രാജി സ്വീകരിച്ചിരുന്നില്ല. 2012ലെ നിയമസഭയില്‍ സ്വതന്ത്രനായി മത്സരിച്ചാണ് കേതന്‍ നിയമസഭയിലെത്തിയത്.

തുടര്‍ന്ന് ബിജെപിയില്‍ ചേരുകയായിരുന്നു കേതന്‍. താന്‍ രാജി സമര്‍പ്പിക്കുന്നത് സമ്മര്‍ദ്ദ തന്ത്രമല്ല. സ്ഥാനം ഒഴിഞ്ഞ ശേഷവും വഡോദര ലോക്‌സഭ സീറ്റില്‍ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി രഞ്ജന്‍ ഭട്ടിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് കേതന്‍ ഇനാംദാര്‍ പറഞ്ഞു.