ഹോട്ടലുകളിലായാലും തെരുവോര ഭക്ഷണ സ്റ്റാളുകളിൽ പോലും ആളുകൾ എപ്പോഴും ആസ്വദിച്ച് കഴിക്കുന്ന സ്വാദിഷ്ടമായ ഒരു വിഭവമാണ് ബിരിയാണി. ചിക്കൻ, മട്ടൻ, ബീഫ്, വെജ് അങ്ങനെ നിരവധി വെറൈറ്റി ഐറ്റംസ് ഉണ്ട് ബിരിയാണിയിൽ തന്നെ. ബിരിയാണിയെന്ന് കേട്ടാലേ നാവിൽ കൊതിയൂറും. ഏറെയും ബിരിയാണി പ്രിയരാണ്. എന്നാൽ സംഭവം ഇതൊന്നുമല്ല. ഇപ്പോൾ ബിരിയാണി വിളമ്പി പുലിവാല് പിടിച്ചിരിക്കുകയാണ് ഡൽഹിയിലെ ഒരു ഹോട്ടലുടമ.
വെറുതെയൊന്നുമല്ല, അതിനൊരു കാരണമുണ്ട്. അദ്ദേഹം ബിരിയാണി വിളമ്പിയതൊന്നുമല്ല പ്രശ്‍നം.വിളമ്പിയ പ്ലേറ്റും അതിലെ ചിത്രവുമാണ്. ശ്രീരാമന്റെ ചിത്രമുള്ള പ്ലേറ്റിലാണ് ഹോട്ടലുടമ. ബിരിയാണി വിളമ്പിയത്. ഡൽഹിയിലെ ജഹാംഗിർപുരിലുള്ള ഹോട്ടലിലാണ് സംഭവം. ബിരിയാണി നൽകിയ ഡിസ്പോസിബിൾ പ്ലേറ്റിലാണ് ശ്രീരാമൻ്റെ ചിത്രം ഉണ്ടായിരുന്നത്. സംഭവം പുറത്തായതോടെ വലിയ വിവാദമായി. ഇതിന് പിന്നാലെ ഒരു സംഘം ആളുകൾ ഹോട്ടലിന് മുന്നിൽ പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് സ്‌ഥലത്തെത്തി ഹോട്ടൽ പരിശോധിച്ച ശേഷം ഹോട്ടലുടമയെ കസ്‌റ്റഡിയിലെടുത്തു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ നിരപരാധിത്വം ബോധ്യമായി.
സംഭവം എന്താണെന്ന് വച്ചാൽ ഹോട്ടലുടമ പ്ലേറ്റുകൾ വാങ്ങിയത് ഒരു ഫാക്ടറിയിൽ നിന്നാണ്. ആയിരം പ്ലേറ്റുകൾ വാങ്ങിയതിൽ ചിലതിലാണ് ശ്രീരാമന്റെ ചിത്രം ഉണ്ടായിരുന്നത്. ഉടമ ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല. പേപ്പർ പ്ലേറ്റ് ഉണ്ടാക്കാൻ ഉപയോഗിച്ച പേപ്പറിൽ നിന്നാണ് ചിത്രം വന്നതെന്ന് പിന്നീട് അന്വേഷണത്തിൽ വ്യക്തമായി.
‘രാമായണ അൺറാവൽഡ്’ എന്ന പുസ്‌തകത്തിൽ ഉപയോഗിച്ച ചിത്രമാണ് പ്ലേറ്റിൽ അച്ചടിച്ചുവന്നത്. ഈ പുസ്തകത്തിന്റേതുൾപ്പെടയുള്ള പേപ്പറുകളാണ് പ്ലേറ്റ് നിർമിക്കാനായി ഉപയോഗിച്ചത്. ഷോപ്പിലുണ്ടായിരുന്ന ഏതാനും ചില പ്ലേറ്റുകളിൽ മാത്രമാണ് ശ്രീരാമൻ്റെ ചിത്രം കണ്ടെത്തിയത്. സംഭവത്തിൽ ഹോട്ടലുടമക്ക് അറിവുണ്ടായിരുന്നില്ലെന്നും ഡൽഹി നോർത്ത് വെസ്‌റ്റ് ഡിസിപി ജിതേന്ദ്ര മീണ പറഞ്ഞു.