ഗർഭിണിയായ യുവതിയെ ഹോട്ടൽമുറിയിൽ ബലാത്സംഗത്തിനിരയാക്കി; സൈനികൻ അറസ്റ്റിൽ

ഗർഭിണിയായ യുവതിയെ ഹോട്ടൽമുറിയിൽ ബലാത്സംഗത്തിനിരയാക്കിയ സൈനികൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇന്ദോറിലാണ് സംഭവം. സൈനികന്റെ സുഹൃത്തായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഒരുവർഷമായി പ്രതി തന്നെ ഉപദ്രവിക്കുകയാണെന്നും സ്വകാര്യവീഡിയോ പകർത്തി ഭീഷണിപ്പെടുത്തുകയാണെന്നും പരാതിക്കാരി ആരോപിച്ചു.

അഞ്ച് മാസം ഗർഭിണിയായ യുവതിയാണ് ഹോട്ടൽമുറിയിൽവെച്ച് പീഡിപ്പിക്കപ്പെട്ടത്. സുഹൃത്തായ സൈനികനെതിരെ മഹിളാ പോലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നൽകിയത്. തുടർന്ന് പോലീസ് കേസെടുക്കുകയും സൈനികനെ പിടികൂടുകയുമായിരുന്നു. അതേസമയമ് പ്രതി സൈന്യത്തിൽ ലാൻസ് നായിക് ആണെന്ന് പോലീസ് പറഞ്ഞു.

ബാങ്ക് ഉദ്യോഗസ്ഥന്റെ ഭാര്യയായ പരാതിക്കാരി അഞ്ച് മാസം ഗർഭിണിയാണ്. വെള്ളിയാഴ്ച രാത്രിയാണ് സുഹൃത്തായ സൈനികൻ ഇന്ദോറിലെ ഹോട്ടൽമുറിയിൽവെച്ച് യുവതിയെ പീഡിപ്പിച്ചത്. ഉപദ്രവത്തിന് പിന്നാലെ യുവതിക്ക് രക്തസ്രാവമുണ്ടായി. തുടർന്ന് യുവതി പോലീസ് സ്‌റ്റേഷനിലെത്തി സഹായം തേടുകയും പരാതി നൽകുകയുമായിരുന്നു.

ഒരുവർഷം മുൻപ് സ്റ്റോറിൽ സാധനങ്ങൾ വാങ്ങാനെത്തിയപ്പോഴാണ് സൈനികനെ പരിചയപ്പെട്ടത്. പിന്നാലെ ഇയാൾ പതിവായി വീട്ടിലെത്തുകയും സ്വകാര്യവീഡിയോകൾ പകർത്തുകയുംചെയ്തുവെന്ന് യുവതി പറയുന്നു. കുളിമുറി ദൃശ്യങ്ങളടക്കം പ്രതി പകർത്തിയതായും ആരോപണമുണ്ട്. തുടർന്ന് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി നഗരത്തിലെ ഹോട്ടൽ മുറിയിലേക്ക് നിർബന്ധിച്ച് വിളിച്ചുവരുത്തിയത്. മുറിയിലെത്തിയതിന് പിന്നാലെ ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഇതേത്തുടർന്ന് രക്തസ്രാവമുണ്ടായെന്നും പരാതിയിൽ പറയുന്നു.

അതേസമയം, താനും പരാതിക്കാരിയും സൗഹൃദത്തിലാണെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. ഗർഭിണിയായിരിക്കെ ശാരീരികബന്ധത്തിലേർപ്പെട്ടതിനാലാണ് യുവതിക്ക് രക്തസ്രാവമുണ്ടായതെന്നും ഇയാൾ പറഞ്ഞു. അതേസമയം സംഭവത്തിൽ എല്ലാവശങ്ങളും അന്വേഷിച്ചുവരികയാണെന്ന് മഹിളാ പോലീസ് സ്റ്റേഷൻ ഇൻ ചാർജ് കൗസല്യ ചൗഹാൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തതായും സംഭവം നടന്ന ഹോട്ടൽമുറി സീൽ ചെയ്‌തതായും പോലീസ് അറിയിച്ചു.

Read more