ഒരു വാഹനത്തില്‍ ഒന്നിലധികം ഫാസ്ടാഗുകള്‍ ഉപയോഗിക്കുന്നതും ഒരു ഫാസ്ടാഗ് ഒന്നിലധികം വാഹനങ്ങളില്‍ ഉപയോഗിക്കുന്നതും തടയാന്‍ കേന്ദ്ര സര്‍ക്കാര്‍. ഒരു വാഹനം, ഒരു ഫാസ്ടാഗ് പദ്ധതി നിലവില്‍ വന്നതോടെയാണ് ദേശീയപാത അതോറിറ്റി പുതിയ മാനദണ്ഡം വ്യക്തമാക്കിയിരിക്കുന്നത്.
ഇനി മുതല്‍ ഒരു വാഹനത്തില്‍ ഒന്നില്‍ കൂടുതല്‍ ഫാസ്ടാഗുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഒന്ന് മാത്രം നിലനിറുത്തി ബാക്കിയുള്ളവ റദ്ദാക്കണം. റിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ക്കനുസരിച്ച് ഫാസടാഗ് ഉപയോക്താക്കളുടെ കെവൈസി പ്രക്രിയ കൂടുതല്‍ കര്‍ശനമാക്കും. കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കാത്ത ഫാസ്ടാഗുകള്‍ ഉപയോഗശൂന്യമാകും.
ടോള്‍ പിരിവുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ കൂടി ലക്ഷ്യമിടുന്ന വണ്‍ വെഹിക്കിള്‍, വണ്‍ ഫാസ്ടാഗ് പദ്ധതി ജനുവരിയില്‍ നടപ്പാക്കുമെന്ന് നേരത്തെ ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിരുന്നു. `ഒരു ഫാസ്ടാഗ് ഒന്നില്‍ കൂടുതല്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് തടയാനും തീരുമാനമായിട്ടുണ്ട്.
ആര്‍ബിഐ മാനദണ്ഡങ്ങള്‍ ലംഘിച്ച് കെവൈസി പ്രക്രിയകള്‍ ഇല്ലാതെ ഫാസ്ടാഗുകള്‍ വ്യാപകമായി നല്‍കുന്നതായി കഴിഞ്ഞ കുറച്ച് കാലമായി നിരന്തരം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഫാസ്ടാഗുകള്‍ നിരോധിക്കാന്‍ ഹൈവേ അതോറിറ്റി തീരുമാനിച്ചത്.