പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ എത്തിയ മന്ത്രി ആദിത്യ താക്കറെയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. മുംബൈയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന വിഐപികളുടെ പട്ടികയിൽ ആദിത്യ താക്കറെയുടെ പേരില്ലാത്തതാണ് കാരണമെന്ന് ചുണ്ടിക്കാട്ടിയാണ് തടഞ്ഞതെന്ന് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി വ്യക്തമാക്കി.
പിതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ കാറിൽ നിന്ന് ആദിത്യ താക്കറയെ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്തിറക്കുകയാണ് ഉണ്ടായത്. ആദിത്യയെ കാറിൽ നിന്നിറക്കിയ തീരുമാനത്തിൽ ഉദ്ധവ് താക്കറെ അസ്വസ്ഥത പ്രകടിപ്പിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരുമായി വാദം നടത്തുകയും ചെയ്തിരുന്നു.
ആദിത്യ താക്കറെ തന്റെ മകൻ മാത്രമല്ല, മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിയാണെന്ന് ഉദ്ധവ് എസ്പിജി ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന് ആദിത്യ താക്കറയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ കാറിൽ യാത്ര ചെയ്യാൻ അനുവദിക്കുകയായിരുന്നു. മഹാരാഷ്ട്ര വിനോദ സഞ്ചാര-പരിസ്ഥിതി വകുപ്പ് മന്ത്രിയാണ് ആദിത്യ.
ഇത്തരം വീഴ്ചകൾ അസ്വാഭാവികമല്ലെന്ന് പറഞ്ഞ് ആദിത്യ താക്കറെ വിഷയം നിസ്സാരവത്കരിച്ചതായാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതത്. വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയിലെത്തിയത്.