പഞ്ചാബിൽ ആം ആദ്മി നേതാവ് വെടിയേറ്റു മരിച്ചു; പിന്നിൽ അജ്ഞാത സംഘം

പഞ്ചാബിൽ ആം ആദ്മി പാര്‍ട്ടി കര്‍ഷകസംഘം പ്രസിഡന്‌റ് തര്‍ലോചന്‍ സിങ് ഏലിയാസ് വെടിയേറ്റു മരിച്ചു. പഞ്ചാബിലെ ഖന്നയില്‍ ഇക്കലോഹ ഗ്രാമത്തില്‍ നിന്നുള്ള അന്‍പത്തിയാറുകാരനായ തര്‍ലോചന്‍ തന്‌റെ ഫാമില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ അജ്ഞാതരായ സംഘത്തിന്റെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 6.45ഓടെയാണ് സംഭവം.

റോഡരികില്‍ കിടന്ന തര്‍ലോചന്‌റെ മൃതദേഹം കണ്ട മകന്‍ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് മകന്‍ ഹര്‍പീത് സിങ് ആരോപിച്ചു. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന സിങ്ങിനെ ഒരു അക്രമി വഴിതെറ്റിക്കുന്നതും വെടിയുതിര്‍ക്കുന്നതുമായി സിസിടിവി ദൃശ്യം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തലയിലുള്‍പ്പെടെ മൂന്ന് വെടിയുണ്ടകള്‍ പതിച്ചിട്ടുണ്ട്.

സംഭവസ്ഥലത്തു നിന്ന് മൂന്ന് ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെടുത്തതായി എസ്എസ്പി ഗോത്യാല്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും എസ്എസ്പി അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നും പ്രതികളെ കണ്ടെത്തി ഉടൻ അറസ്റ്റ് ചെയ്യുമെന്നും എസ്പി സൗരവ് ജിന്‍ഡാല്‍ പറഞ്ഞു.

നേരത്തേ ശിരോമണി അകാലി ദളുമായി(എസ്എഡി) ബന്ധമുണ്ടായിരുന്ന സിങ് 2022ലെ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ആം ആദ്മിയില്‍ ചേര്‍ന്നത്.