ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ 28 പ്രഖ്യാപനങ്ങളുമായി ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. നേരത്തേ പുറത്തിറക്കിയ 10 വാഗ്ദാനങ്ങൾ ഉൾപ്പെടുന്ന ഗാരൻറി കാർഡിനു പുറമേയാണ് 28 വാഗ്ദാനങ്ങൾ ഉൾപ്പടുന്ന പ്രകടനപത്രിക അവതരിപ്പിച്ചിരിക്കുന്നത്. ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഗതാഗതമന്ത്രി ഗോപാൽ റായ് എന്നിവർ ചേർന്നാണ് ചൊവ്വാഴ്ച പ്രകടനപത്രിക പുറത്തിറക്കിയത്.
വിദ്യാർഥികൾക്കു സൗജന്യ ബസ് യാത്ര, യുവജനങ്ങൾക്കായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്, ദേശസ്നേഹപാഠങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തൽ, 24 മണിക്കൂറും പ്രവർത്തിക്കുന്ന മാർക്കറ്റുകൾ തുടങ്ങിയ പ്രഖ്യാപനങ്ങളാണ് പ്രകടനപത്രികയിൽ ഉള്ളത്. നിലവിൽ നൽകിവരുന്ന 200 യൂനിറ്റുവരെ സൗജന്യ വൈദ്യുതി, സൗജന്യ ചികിത്സ, രണ്ടു കോടി ചെടി നടീൽ, യമുന ശുദ്ധീകരണം, വായുമലിനീകരണം കുറക്കൽ, സ്ത്രീസുരക്ഷക്ക് മൊഹല്ല മാർഷൽമാർ ഉൾപ്പെടെയുള്ള നടപടികൾ തുടരുമെന്ന് പ്രകടനപത്രികയിൽ വ്യക്തമാക്കി.
ഡൽഹി മെട്രോ 500 കിലോമീറ്ററായി വികസിപ്പിക്കുമെന്നും വാഗ്ദാനമുണ്ട്. ഡൽഹിയിലെ ജനങ്ങളോട് അമിത് ഷാ ആവശ്യപ്പെടുന്നത് ബ്ലാങ്ക് ചെക്കിൽ ഒപ്പിട്ടുനൽകാനാണെന്ന് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ ബി.ജെ.പി നടത്തുന്ന പ്രചാരണത്തെ പരിഹസിച്ച് കെജ്രിവാൾ പറഞ്ഞു. ബി.ജെ.പിക്ക് വോട്ടുചെയ്താൽ ആരായിരിക്കും തങ്ങളുടെ മുഖ്യമന്ത്രി എന്നറിയാൻ ഡൽഹിയിലെ ജനങ്ങൾക്ക് താൽപര്യമുണ്ട്. ആരെന്ന് പ്രഖ്യാപിക്കാൻ ബുധനാഴ്ച ഉച്ച ഒരു മണിവരെ സമയം അനുവദിക്കുമെന്നും ഇല്ലെങ്കിൽ വീണ്ടും വാർത്തസമ്മേളനം വിളിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി.
അതിനിടെ, ഡൽഹി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി തൂത്തുവാരുമെന്ന് ടൈംസ് നൗ ചാനൽ പുറത്തുവിട്ട സർവേ ഫലം വ്യക്തമാക്കുന്നു. 70 അംഗ സഭയിൽ 54 മുതൽ 60 സീറ്റുകൾ വരെയാണ് ആം ആദ്മി പാർട്ടിക്ക് സർവേ പ്രവചിക്കുന്നത്. ബി.ജെ.പിക്ക് 10 മുതൽ 14 വരെയും കോൺഗ്രസിന് പൂജ്യം മുതൽ രണ്ടുവരെയും സീറ്റുകൾ ലഭിക്കുമെന്നും ടൈംസ് നൗ വ്യക്തമാക്കി.