പഞ്ചാബിൽ ആം ആദ്മിക്ക് ഉജ്ജ്വല വിജയം; ഉപതിരഞ്ഞെടുപ്പിൽ തോൽപ്പിച്ചത് ബിജെപിയിലേക്ക് ചേക്കേറിയ സിറ്റിങ് എംഎൽഎയെ

പഞ്ചാബിലെ ജലന്ധർ വെസ്റ്റ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് ഉജ്ജ്വല വിജയം. ബിജെപിയുടെ സിറ്റിങ് എംഎൽഎ ശീതൾ അംഗുറലിനെ ആം ആദ്മിയുടെ മൊഹിന്ദര്‍ ഭഗതാണ് പരാജയപ്പെടുത്തിയത്. അടുത്തിടെയാണ് ശീതൾ അംഗുറല്‍ ആം ആദ്മിയിൽ ബിജെപിയിലേക്ക് ചേക്കേറിയത്. അതിനുള്ള പകരം വീട്ടൽ കൂടിയായിരുന്നു എഎപിയുടേത്.

മുഖ്യമന്ത്രി ഭഗവന്ദ് മന്‍ ഇവിടെ വീട് വാടകയ്‌ക്കെടുത്ത് ക്യാമ്പ് ചെയ്താണ് എഎപിക്കായി പ്രചാരണം നടത്തിയിരുന്നത്. എഎപി എംഎല്‍എ ആയിരുന്ന ശീതൾ അംഗുറല്‍ മാർച്ച് 28ന് ബിജെപിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ ടിക്കറ്റിലാണ് ശീതൾ മത്സരിച്ചത്.

കഴിഞ്ഞ വർഷം ബിജെപി വിട്ട് ആം ആദ്മി പാർട്ടിയിൽ എത്തിയ നേതാവാണ് മൊഹിന്ദര്‍ ഭഗത്. 37325 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മൊഹിന്ദര്‍ ഭഗതിന്റെ ജയം. ബിജെപി സ്ഥാനാർഥി ശീതള്‍ 17921 വോട്ടുകള്‍ നേടി രണ്ടാമതായി. 16757 വോട്ടുകളോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുരീന്ദര്‍ കൗര്‍ മൂന്നാമതുമായി.

Read more

മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന ചുന്നി ലാൽ ഭഗതിന്റെ മകൻ കൂടിയാണ് മൊഹിന്ദര്‍ ഭഗത്. 2022ൽ ഇതേ മണ്ഡലത്തിൽ മൊഹിന്ദര്‍ ഭഗത് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നെങ്കിലും ജയിച്ചിരുന്നില്ല. രണ്ട് പ്രാവശ്യം ജലന്ധറിൽ ബിജെപി ടിക്കറ്റിൽ മൊഹിന്ദര്‍ ഭഗത് മത്സരിച്ചിരുന്നു. 1998-2001, 2017-2020 കാലയളവിൽ പഞ്ചാബ് ബിജെപി വൈസ് പ്രസിഡന്റ് ആയിരുന്നു.