ആം ആദ്മി പാര്‍ട്ടി രാജ്യസഭ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; വിദഗ്ധര്‍ പട്ടികയില്‍

അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഒടുവില്‍ ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തീരുമാനമായി. സഞ്ജയ് സിങ്, സുശീല്‍ ഗുപ്ത, എന്‍.ഡി ഗുപ്ത എന്നിവര്‍ ആം ആദ്മിയെ പ്രതിനിധീകരിച്ച് രാജ്യസഭയിലെത്തുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. ജനുവരി 16നാണ് രാജ്യസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. എഴുപതംഗ നിയമസഭയില്‍ 67 സീറ്റ് തുട ക്കത്തില്‍ പാര്‍ട്ടിക്കുണ്ടായിരുന്നു.

ആം ആദ്മിയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ് പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമാണ്. 2017ല്‍ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ചുമതല വഹിച്ചിരുന്നത് സഞ്ജയ് സിങാണ്. കഴിഞ്ഞ 25വര്‍ഷമായി ഡല്‍ഹിയിലെ പഞ്ചാബി ബാഗ് ക്ലബ് ചെയര്‍മാനാണ് ബിസിനസുകാരനായ സുശീല്‍കുമാര്‍ ഗുപ്ത. ഇവര്‍ക്ക് പുറമെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും ജിഎസ്ടി വിദഗ്ദനുമായ എന്‍ ഡി ഗുപ്തയും എഎപി സീറ്റില്‍ രാജ്യസഭയിലെത്തും.

Read more

ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ കമ്മിറ്റിയുടെ യോഗത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് തീരുമാനമുണ്ടായത്. അതേ സമയം, പാര്‍ടി സ്ഥാപകാംഗമായ കുമാര്‍ വിശ്വാസ് സ്ഥാനാര്‍ഥി പട്ടികയിലില്ല. ഇത്തവണ തന്നെ പരിഗണിക്കണമെന്ന് കുമാര്‍ വിശ്വാസ് ആവശ്യപ്പെട്ടിരുന്നു. സത്യം പറയുന്നതു കൊണ്ടാണ് എന്നെ തഴഞ്ഞതെന്ന് വിശ്വാസ് പ്രതികരിച്ചു. ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി രാജ്യസഭയിലെത്തുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.