ഹരിയാനയിൽ ഇന്ത്യ സഖ്യമില്ല, 50 സീറ്റുകളിൽ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി എഎപി; സ്ഥാനാർഥി പ്രഖ്യാപനം നാളെയുണ്ടായേക്കും

ഹരിയാനയിൽ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി എഎപി. കോൺഗ്രസുമായുള്ള എഎപിയുടെ സീറ്റ് വിഭജന ചർച്ചകൾ എങ്ങുമെത്താതെ പോയതോടെയാണ് ഹരിയാനയിൽ ഇന്ത്യ സഖ്യത്തിനുള്ള സാധ്യതകൾ മങ്ങിയത്. 50 സീറ്റിലേക്ക് സ്വന്തം നിലക്ക് മത്സരിക്കാനൊരുങ്ങുകയാണ് എഎപി എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. 31 പേരുടെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക കോൺഗ്രസും പുറത്തിറക്കിയിരുന്നു.

നാളെ(സെപ്തംബർ എട്ട്) എഎപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യമായ മത്സരിച്ച പാർട്ടികളാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ വെവ്വേറെ മത്സരിക്കുന്നത്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധിയാണ് എഎപിയുമായുള്ള സഖ്യത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാക്കിയത്. എന്നാൽ കോൺഗ്രസിനുള്ളിൽ തന്നെ സീറ്റ് കിട്ടാൻ പരസ്പരം അടി ഉണ്ടായതോടെ എഎപിയുമായുള്ള സീറ്റ് വിഭജനം വലിയ തലവേദനയായി.

നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യത്തിന്‍റെ ആവശ്യമില്ലെന്ന് പറഞ്ഞ്, കോണ്‍ഗ്രസിനും ബിജെപിക്കും മുന്നേ ഹരിയാനയില്‍ എഎപി പ്രചാരണം തുടങ്ങിയിരുന്നു. അതേസമയം തന്നെ ദേശീയ നേതൃത്വത്തിന് താല്‍പ്പര്യമുണ്ടെങ്കിലും ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആപ്പുമായുള്ള സഖ്യത്തോട് കടുത്ത വിയോജിപ്പാണുണ്ടായിരുന്നത്. പ്രത്യേകിച്ച് ഭൂപീന്ദര്‍ സിങ് ഹൂഡ വിഭാഗം നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ത്തു. ഹരിയാന കോണ്‍ഗ്രസ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി (സിഎല്‍പി) നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹൂഡ പാര്‍ട്ടിയുടെ ഒരു യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതായും വാര്‍ത്തകള്‍ വന്നിരുന്നു.