അടിക്ക് തിരിച്ചടി ; ഇരട്ടപദവിയുള്ള 116 ബിജെപി എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് വീണ്ടും ആംആദ്മി

എഎപിയുടെ ഇരുപത് എംഎല്‍എമാരെ അയോഗ്യരാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് വന്നതിനു തൊട്ടുപിന്നാലെ അതേ നാണയത്തില്‍ തിരിച്ചടിച്ച് ആംആദ്മി പാര്‍ട്ടി.ഇരട്ടപ്പദവി വഹിക്കുന്ന മധ്യപ്രദേശിലെ 116 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് എഎപി ആവശ്യപ്പെട്ടു.

ഒന്നര വര്‍ഷം മുമ്പ് ഇരട്ടപ്പദവി വഹിക്കുന്ന 116 എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നെന്നും എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും എഎപി മധ്യപ്രദേശ് കണ്‍വീനര്‍ അലോക് അഗര്‍വാള്‍ ട്വീറ്റ് ചെയ്തു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഞങ്ങളുടെ പരാതി സ്വീകരിക്കാത്തതിനാലാണ് ഇപ്പോള്‍ ഈ പ്രശ്‌നം വീണ്ടും ഉന്നയിക്കുന്നതെന്നും, മധ്യപ്രദേശ് ഗവര്‍ണര്‍ക്ക് വീണ്ടും പരാതി സമര്‍പ്പിക്കുമെന്നും അലോക് അഭിപ്രായപ്പെട്ടു.

ബിജെപി എംഎല്‍എമാരായ പരാസ് ജെയ്‌നും,ദീപക് ജോഷിയും ഇരട്ടപ്പദവി വഹിക്കുന്നത് തനിക്ക് വ്യക്തമായി അറിയാമെന്നും അലോക് വ്യക്തമാക്കി. കൂടാതെ ഇന്ത്യയില്‍ ബിജെപിക്കും മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രണ്ടു നീതിയാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Read more

ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം എംഎല്‍എമാര്‍ക്ക് യഥേഷ്ടം അഴിമതി നടത്തുന്നതിനായി രണ്ടുപദവി നല്‍കുകയാണെന്നും , അതേസമയം ബിജെപിയുടെ അഴിമതി തുറന്നുകാണിക്കുന്ന മറ്റു പാര്‍ട്ടികളിലെ എംഎല്‍എമാരെ അയോഗ്യരാക്കുകയാണെന്നും അലോക് പറഞ്ഞു.