തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് 48 മണിക്കൂര്‍ വിലക്ക്. കോണ്‍ഗ്രസ് നേതാക്കളെ പ്രസംഗത്തിലൂടെ അധിക്ഷേപിച്ചെന്ന പരാതിയെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. തെലങ്കാനയിലെ സിര്‍സില്ലയില്‍ ചന്ദ്രശേഖര റാവു നടത്തിയ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് വിവാദങ്ങളുണ്ടായത്.
ഏപ്രില്‍ 6ന് ആയിരുന്നു ചന്ദ്രശേഖര റാവുവിന്റെ വിവാദ പ്രസംഗം. സംഭവത്തിന് പിന്നാലെ വിവാദ പ്രസ്താവനകള്‍ ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് ചന്ദ്രശേഖര റാവുവിനെതിരെ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
ബുധനാഴ്ച രാത്രി എട്ട് മുതല്‍ 48 മണിക്കൂര്‍ നേരത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. കോണ്‍ഗ്രസ് പരാതി നല്‍കിയതിന് പിന്നാലെ ചന്ദ്രശേഖര റാവുവിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തന്റെ പ്രസംഗം തര്‍ജ്ജമ ചെയ്തതിലുണ്ടായ ആശയക്കുഴപ്പമാകാം പരാതിയുടെ കാരണമെന്നായിരുന്നു റാവുവിന്റെ വിശദീകരണം.