ഗവര്‍ണര്‍മാരുടെ അധികാര ദുര്‍വിനിയോഗത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ യോഗം ചേരുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ഇതിനായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചതായി സ്റ്റാലിന്‍ അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ അധികാര ദുര്‍വിനിയോഗത്തെ കുറിച്ച് മമത ബാനര്‍ജി ഫോണില്‍ വിളിച്ച് ആശങ്ക പ്രകടിപ്പിച്ചു. ഇതേ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ മുഖ്യമന്ത്രിമാരുടെ യോഗം ചേരാന്‍ അവര്‍ നിര്‍ദ്ദേശിച്ചു എന്നും ട്വീറ്റില്‍ പറയുന്നു. യോഗം ഉടനെ ഉണ്ടാകുമെന്നും സംസ്ഥാനങ്ങളുടെ ഭരണാവകാശം ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ഡി.എം.കെയുടെ പ്രതിജ്ഞാബദ്ധതയെ കുറിച്ച് താന്‍ മമത ബാനര്‍ജിക്ക് ഉറപ്പ് നല്‍കിയെന്നും സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ കഴിഞ്ഞ ദിവസം നിയമസഭ നിര്‍ത്തിവെക്കാന്‍ ഉത്തരവ് നല്‍കിയിരുന്നു. ഈ നടപടി ഔചിത്യമില്ലാത്തതാണ് എന്ന് എം.കെ. സ്റ്റാലിന്‍ പ്രതികരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് യോഗം ചേരുന്നത് സംബന്ധിച്ച് മമത സ്റ്റാലിനുമായി സംസാരിച്ചത്.