മമത ബാനർജിക്കെതിരായ അധിക്ഷേപ പരാമർശം: ബിജെപി സ്ഥാനാർത്ഥിക്ക് പ്രചാരണ വിലക്ക്

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. തംലുക് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും മുൻ കൽക്കട്ട ഹൈക്കോടതി ജഡ്‌ജിയുമായ അഭിജിത് ഗംഗോപാധ്യായിക്കെതിരെയാണ് നടപടി. അഭിജിത് ഗംഗോപാധ്യായിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് കമ്മീഷൻ വിലക്കി. 24-മണിക്കൂർ സമയമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കുള്ളത്.

വിലക്കിനോടൊപ്പം കർശനമായ മുന്നറിയിപ്പും കമ്മീഷൻ നൽകിയിട്ടുണ്ട്. മാതൃകാ പെരുമാറ്റചട്ടം നിലനിൽക്കുന്ന കാലയിളവിൽ പരസ്യപ്രതികരണം നടത്തുമ്പോൾ ശ്രദ്ധിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്. വ്യക്തിപരമായ കടന്നാക്രമണം ഗംഗോപാധ്യായ് നടത്തിയെന്നും പെരുമാറ്റചട്ടത്തിൻ്റെ വ്യവസ്ഥകൾ ലംഘിച്ചെന്നും കമ്മീഷൻ വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസ് നൽകിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.

Read more

ഹാൽഡിയയിൽ വെച്ച് നടന്ന പൊതുപരിപാടിയിലാണ് ഗംഗോപാധ്യായ് മമതയ്‌ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. വ്യക്തിപരമായ ചില പ്രയോഗങ്ങളും അദ്ദേഹം നടത്തിയിരുന്നു. പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും ഭരണഘടനാപദവിയിലിരിക്കുന്ന ഒരാൾക്കെതിരേയുള്ള ഇത്തരം വ്യക്തിപരമായ കടന്നാക്രമണങ്ങൾ അപലപനീയമാണെന്നും കമ്മീഷൻ വിലയിരുത്തി. നേരത്തെ തൃണമൂൽ കോൺഗ്രസിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഗംഗോപാധ്യായ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഗംഗോപാധ്യായ് മത്സരിക്കുന്ന തംലുക് മണ്ഡലത്തിൽ മേയ് 25-നാണ് വോട്ടെടുപ്പ്.