ബില്‍ക്കിസ് ബാനു കേസിലെ 11 പ്രതികളും ജയിലില്‍ കീഴടങ്ങി. ഗോധ്ര സബ് ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ കഴിഞ്ഞ ദിവസം രാത്രി 11.45ഓടെയാണ് പ്രതികള്‍ കീഴടങ്ങിയത്. രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രതികള്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിലാണ് കുറ്റവാളികള്‍ കീഴടങ്ങിയത്.
രണ്ട് വാഹനങ്ങളിലായെത്തിയ പ്രതികള്‍ 11 പേരും കീഴടങ്ങിയതായി പൊലീസ് അറിയിച്ചു. മാതാപിതാക്കളെ പരിചരിക്കല്‍, വിളവെടുപ്പ്, കുടുംബത്തിലെ വിവാഹം എന്നീ കാരണങ്ങള്‍ നിരത്തി കീഴടങ്ങലിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രതികള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി ഹര്‍ജി തള്ളുകയായിരുന്നു.
2002ലെ ഗുജറാത്ത് കലാപത്തിനിടെ ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നര വയസുള്ള മകന്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നുമായിരുന്നു കേസ്. ഇതേ തുടര്‍ന്ന് ജീവപര്യന്തം കഠിന തടവാണ് 11 പ്രതികള്‍ക്കും ഗ്രേറ്റര്‍ മുംബൈയിലെ പ്രത്യേക വിചാരണ കോടതി വിധിച്ചത്.