ഹൈദരാബാദില്‍ ക്ഷേത്രം ജീവനക്കാരന് നേരെ ആസിഡ് ആക്രമണം. ഹൈദരാബാദിലെ സെയ്ദാബാദ് ഭൂലക്ഷ്മി മാതാ ക്ഷേത്രത്തിലെ ജീവനക്കാരന് നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാത്രി 7.30ന് ആയിരുന്നു സംഭവം നടന്നത്. വഴിപാട് കൗണ്ടറിലുണ്ടായിരുന്ന ക്ഷേത്രം ജീവനക്കാരന്‍ നര്‍സിന്‍ റാവുവിന്റെ തലയിലാണ് അക്രമി ആസിഡ് ഒഴിച്ച് കടന്നുകളഞ്ഞത്.
നര്‍സിന്‍ റാവു വഴിപാട് കൗണ്ടറിലെ കസേരയില്‍ ഇരിക്കുന്നതിനിടെ ബൈക്കിലെത്തിയ അക്രമി തലയില്‍ ആസിഡ് ഒഴിച്ച ശേഷം കടന്നുകളയുകയായിരുന്നു. ആക്രമണ സമയം അക്രമി മുഖം മറച്ചിരുന്നു. ഇയാള്‍ ആക്രമണത്തിന് മുന്‍പ് ഹാപ്പി ഹോളി എന്ന് പറഞ്ഞതായും ദൃക്സാക്ഷികള്‍ പറയുന്നു.
സമീപത്തുണ്ടായിരുന്നവര്‍ നര്‍സിന്‍ റാവുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതോടകം പുറത്തുവന്നിട്ടുണ്ട്. പ്രതിയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.