തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ അറസ്റ്റിലായ നടി കസ്തൂരിക്ക് ഉപാധികളോടെ ജാമ്യം. ഭിന്നശേഷിക്കാരിയായ മകളെ നോക്കാന്‍ മറ്റാരുമില്ലെന്ന് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ച് നല്‍കിയിരിക്കുന്നത്. ദിവസവും എഗ്മൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന നിബന്ധനയും കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്. ഹൈദരാബാദില്‍ നിര്‍മാതാവിന്റെ വീട്ടില്‍ ഒളിവിലായിരുന്ന നടിയെ കഴിഞ്ഞ 17 നാണ് തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്. നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്.
കച്ചിബൗളിയില്‍ ഒരു നിര്‍മാതാവിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു കസ്തൂരി. 300 വര്‍ഷം മുന്‍പ് തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളില്‍ പരിചാരകരായി വന്ന തെലുങ്കര്‍, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു നടിയുടെ പ്രസംഗം. പരാമര്‍ശത്തിനെതിരെ ആന്ധ്രയിലും തെലങ്കാനയിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.
തെലുങ്ക് സംസാരിക്കുന്ന സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തും വിധം പൊതുപരിപാടിയില്‍ സംസാരിച്ചതിനു പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് കസ്തൂരി കോടതിയെ സമീപിച്ചത്.
വിവിധ സംഘടനകള്‍ നല്‍കിയ പരാതിയില്‍ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഹര്‍ജി തള്ളിയതോടെ, ഒളിവില്‍ പോയ കസ്തൂരിയെ അറസ്റ്റ് ചെയ്യാനായി രണ്ട് പ്രത്യേക സംഘങ്ങളെ പൊലീസ് നിയോഗിച്ചിരുന്നു.
Read more
ഹിന്ദു മക്കള്‍ കക്ഷി എഗ്മൂറില്‍ നടത്തിയ പ്രകടനത്തിലെ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും നടിക്കെതിരെ കേസെടുത്തത്. കസ്തൂരി മുന്‍കൂര്‍ ജാമ്യത്തിനായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ രൂക്ഷവിമര്‍ശനത്തോടെയാണ് കോടതി ഹര്‍ജി തള്ളിയത്. പൊട്ടിത്തെറിക്കാന്‍ പോകുന്ന ബോംബ് പോലെയാണ് നടി കസ്തൂരിയുടെ വിദ്വേഷ പ്രസംഗമെന്നാണ് മദ്രാസ് ഹൈക്കോടതി വിശേഷിപ്പിച്ചത്. മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും നായികയായി അഭിനയിച്ചിട്ടുണ്ട്.