'രാക്ഷസ വേഷത്തിന്റെ ഇംപാക്ട് കൂട്ടാൻ സ്റ്റേജിൽ വച്ച് പന്നിയെ കൊന്ന് ഭക്ഷിച്ച് നടൻ'; പ്രതിഷേധത്തിന് പിന്നാലെ അറസ്റ്റ്

ഒഡിഷയിൽ സംഗീത നാടകത്തിനിടെ സ്റ്റേജിൽ വച്ച് പന്നിയെ കൊന്ന് ഇറച്ചി കഴിച്ച നടൻ അറസ്റ്റിൽ. ബിംഭാധാർ ഗൗഡ എന്ന 45കാരനായ സംഗീത നാടക കലാകാരനെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. മൃഗങ്ങൾക്കെതിരായ അക്രമത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. നാടകത്തിലെ രാക്ഷസ വേഷത്തിന്റെ ഇംപാക്ട് കൂട്ടാവേണ്ടിയാണ് ഇയാൾ സ്റ്റേജിൽ വച്ച് പന്നിയുടെ വയറ് കീറി ഇറച്ചി കഴിച്ചത്.

നവംബർ 24ന് ഒഡിഷയിലെ ഗഞ്ചമിൽ നടന്ന സംഗീത നാടകത്തിനിടയിലാണ് സംഭവം. കഞ്ചിയാനാൽ യാത്രയുടെ ഭാഗമായാണ് റലാബ് ഗ്രാമത്തിലായിരുന്നു നാടകം നടന്നത്. രാക്ഷസ വേഷത്തിൽ എത്തിയ നടൻ പന്നിയെ കയറിൽ വേദിയിൽ കെട്ടിത്തൂക്കി പന്നിയുടെ വയറ് പിളർന്ന് തിന്നുകയായിരുന്നു. ഹിൻജിലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ മൃഗാവകാശ സംഘടനകൾ പരാതിയുമായി രംഗത്തെത്തി. തുടർന്നായിരുന്നു അറസ്റ്റ്.

Bichitra Raula 🇮🇳 (@bichiraula) / X

അതേസമയം സംഗീത നാടക സംഘാടകർക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. അതിനിടെ 45കാരനൊപ്പം അഭിനയിച്ച മറ്റ് നടന്മാർ ഒളിവിൽ പോയിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയും തിങ്കളാഴ്ച നിയമസഭാ സമ്മേളനത്തിൽ മൃഗങ്ങൾക്കെതിരായ അക്രമം ചർച്ചയാവുകയും ചെയ്തിരുന്നു. നാടകത്തിന്റെ മറ്റ് രംഗങ്ങളിൽ നാടകത്തിലെ മറ്റ് കലാകാരന്മാർ പാമ്പുകളേയും അപകടകരമായ രീതിയിൽ പ്രദർശിപ്പിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസം മുതൽ സംസ്ഥാനത്ത് പാമ്പുകളെ പ്രദർശിപ്പിക്കുന്നത് വിലക്കിയിരുന്നു. ഇതിനിടയിലാണ് പാമ്പുകളെ പ്രദർശിപ്പിച്ചത്. ഇവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Read more