എൻഡിഎ സഖ്യം വിട്ട് നടനും രാഷ്രീയ നേതാവുമായ പവൻ കല്യാണിന്റെ ജനസേന പാർട്ടി. ബിജെപിയുടെ എൻഡിഎ സഖ്യം വിടുന്നത് തെലുങ്ക് ദേശം പാർട്ടിയെ (ടിഡിപി) പിന്തുണക്കുന്നതിന് വേണ്ടിയാണെന്ന് ജനസേന പാർട്ടിയുടെ അധ്യക്ഷൻ പവൻ കല്ല്യാൺ പറഞ്ഞു.
‘ടിഡിപി ശക്തമായ പാർട്ടിയാണ്. ആന്ധ്രാ പ്രദേശിന്റെ വികസനത്തിന് ടിഡിപിയുടെ ഭരണം ആവശ്യമാണ്. ടിഡിപി ഇന്ന് പോരാട്ടത്തിലാണ്. ഈ സമയത്ത് അവരെ പിന്തുണക്കേണ്ടത് അത്യാവിശ്യമാണ്. ടിഡിപിയും ജനസേനയും കൈകോർത്താൽ ആന്ധ്രാ പ്രദേശ് സർക്കാരിനെ നിലംപരിശാക്കാൻ സാധിക്കും’- പവൻ കല്യാൺ പറഞ്ഞു.
ആന്ധ്രാ പ്രദേശിന്റെ മുൻ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡു അഴിമതി ആരോപണ കേസിൽ ജയിലിലാണ്. ഭരണകാലത്ത് 317 കോടി രൂപയുടെ അഴിമതി നടത്തിയെന്നതാണ് ടിഡിപി അധ്യക്ഷനായ ചന്ദ്രബാബു നായിഡുവിനെതിരെയുള്ള കേസ്. സെപ്റ്റംബർ 9 നാണു ആന്ധ്രാപ്രദേശ് സിഐഡി ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്. ഇതിൽ പ്രതിഷേധിച്ച് തെലുങ്ക് ദേശം പാർട്ടി സംസ്ഥാനത്ത് പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു.