തമിഴ്‌നാട്ടില്‍ ആരുമായും സഖ്യമില്ല; ഒറ്റയ്ക്ക് മത്സരിക്കാന്‍ 'തമിഴക വെട്രി കഴകം'; പാര്‍ട്ടിയിലെ ഭാരവാഹികളെ പ്രഖ്യാപിച്ച് വിജയ്

തമിഴ്‌നാട്ടിലെ മുഖ്യ പാര്‍ട്ടിയാകാന്‍ ശ്രമിക്കുന്ന നടന്‍ വിജയിയുടെ നേതൃത്വത്തിലുള്ള ‘തമിഴക വെട്രി കഴകം’ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ജോസഫ് വിജയ് പാര്‍ട്ടി പ്രസിഡന്റായും. ആനന്ദ് എന്ന മുനുസാമി (ജന.സെക്ര), വെങ്കട്ടരമണന്‍ (ട്രഷറര്‍), രാജശേഖര്‍ (ആസ്ഥാന സെക്രട്ടറി), താഹിറ (ജോ. പ്രചാരണ വിഭാഗം സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

2024 ഫെബ്രുവരി രണ്ടിനാണ് വിജയ് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് രജിസ്‌ട്രേഷന്‍ അപേക്ഷ നല്‍കി. 2026 തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് വിജയുടെ നീക്കം.

രണ്ടുമാസം മുമ്പ് പാര്‍ട്ടി അംഗത്വ വിതരണം ആരംഭിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടെയും ഭാഗമാകാതെ ഒറ്റയ്ക്ക് മത്സരിക്കാനാണ് വിജയ് ശ്രമിക്കുന്നത്. ഫാന്‍സ് അസോസിയേഷനുകള്‍ വിജയിക്കായി വന്‍ പ്രചരണമാണ് തമിഴ്‌നാട്ടില്‍ നടത്തുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും പിന്തുണയില്ലെന്ന് വിജയ് അറിയിച്ചിരുന്നു. പാര്‍ട്ടി പ്രഥമ സംസ്ഥാന സമ്മേളനം വിജയിന്റെ പിറന്നാള്‍ ദിനത്തില്‍ സംഘടിപ്പിക്കാനാണ് തീരുമാനം.