നടിയുടെ ലൈംഗിക പീഡന പരാതി; യുപിയില്‍ ബിജെപി നേതാവ് രാജിവച്ചു

നടിയുടെ ലൈംഗിക പീഡന ആരോപണത്തിന് പിന്നാലെ രാജി പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ബിജെപി നേതാവ് പുനീത് ത്യാഗി. സോഷ്യല്‍ മീഡിയയിലൂടെ നടി ഉന്നയിച്ച ആരോപണം സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 250 ഓളം ചിത്രങ്ങളില്‍ വേഷമിട്ട പ്രമുഖ നടിയാണ് പരാതിയുമായി രംഗത്തെത്തിയത്.

പുനീത് ത്യാഗി ഏറെ കാലമായി തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നും മാനസികമായി ഇത് വലിയ പ്രയാസമുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു. ഇതുസംബന്ധിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് പരാതി നല്‍കിയെന്നും എന്നാല്‍ ഇടപെടല്‍ ഉണ്ടായില്ലെന്നും നടി ആരോപിച്ചു.

ഭര്‍ത്താവുമായി ഏറെക്കാലമായി അകന്ന് താമസിക്കുകയാണ് പരാതിക്കാരിയായ നടി. മകനുമായി അടുത്ത ബന്ധമുണ്ടാക്കിയ ത്യാഗി തനിക്കും ഇടയ്ക്കിടെ സമ്മാനങ്ങള്‍ നല്‍കുമായിരുന്നു. ജീവിതത്തിലേക്ക് പുതിയൊരു പങ്കാളിയെ ലഭിച്ചുവെന്ന വിശ്വാസത്തില്‍ മാസങ്ങളോളം തങ്ങള്‍ വളരെ അടുത്ത ബന്ധത്തിലായിരുന്നുവെന്നും നടി വ്യക്തമാക്കി.

Read more

തുടര്‍ന്ന് ബിജെപി നേതാവ് ബന്ധത്തില്‍ അകല്‍ച്ച പാലിച്ചതോടെയാണ് പരാതിയുമായി നടി രംഗത്തെത്തിയത്. എന്നാല്‍ ലൈംഗിക പീഡനത്തിന് ഇരയായെന്ന നടിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ത്യാഗി പറഞ്ഞു.