ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ. തങ്ങളുടെ ഹിന്ദുത്വം വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്, ബി.ജെ.പിയുടെ ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങളുടെ ഹിന്ദുത്വം വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. എന്തു കഴിച്ചു എന്നതിന്റെ പേരില്‍ ജനങ്ങളെ കത്തിക്കാറില്ല. അതാണ് ബി.ജെ.പിയുടെ ഹിന്ദുത്വമെങ്കില്‍ എനിക്കും പിതാവിനും മുത്തച്ഛനും നമ്മുടെ ജനങ്ങള്‍ക്കും മഹാരാഷ്ട്രയ്ക്കും അത് അംഗീകരിക്കാനാകില്ല’ -ഹൈദരാബാദ് ഗീതം സര്‍വകലാശാലയില്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നതിനിടെ ആദിത്യ താക്കറെ പറഞ്ഞു.
2014ല്‍ അന്നത്തെ ശിവസേനയെ ബി.ജെ.പി പിന്നില്‍നിന്ന് കുത്തുകയാണ് ചെയ്തത്. ഞാനൊരു ഹിന്ദുവാണ്, 2014ല്‍ ശിവസേനയുമായുള്ള സഖ്യം ബി.ജെ.പി ഉപേക്ഷിക്കുമ്പോഴും ഹിന്ദുവായിരുന്നു. അപ്പോഴും ഇപ്പോഴും നമ്മള്‍ ഹിന്ദുവാണ്. ഇന്ന് സംസ്ഥാനത്ത് ബി.ജെ.പി കലാപം അഴിച്ചുവിടുകയാണ്.
ഏകനാഥ് ഷിന്‍ഡെയാണോ, ബി.ജെ.പിയാണോ തന്റെ പാര്‍ട്ടിക്ക് വലിയ ഭീഷണിയെന്ന ചോദ്യത്തിന്, ഏകനാഥ് ഷിന്‍ഡെ ഒരു ഭീഷണിയാണെന്ന് താന്‍ കരുതുന്നില്ലെന്നായിരുന്നു മറുപടി. ബി.ജെ.പിയുമായി വ്യക്തിപരമായ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.