ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ ഉണ്ടായ അതിക്രമത്തിൽ കോടതിയിൽ വാദം നടക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് രാജ്യസഭ എംപി സ്വാതി മാലിവാൾ. ഡൽഹി തീസ് ഹസാരി കോടതിക്കുള്ളിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സ്വാതി സ്വയം പരിക്കേൽപിച്ചതാണെന്നും സംഭവം നടന്നപ്പോൾ ബിഭവ് കുമാർ മുഖ്യമന്ത്രിയുടെ വസതിയിൽ ഇല്ലായിരുന്നു എന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്റെ വാദങ്ങൾ കേട്ടാണ് സ്വാതി മലിവാൾ പൊട്ടിക്കരഞ്ഞത്.
സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിലെ പ്രതി ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന സമയത്തായിരുന്നു അഭിഭാഷകന്റെ വാദങ്ങൾ. എഎപി എംപി കെജ്‌രിവാളിൻ്റെ വസതിയിൽ അതിക്രമിച്ച് കടക്കുക ആയിരുന്നുവെന്നാണ് ബിഭവ് കുമാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എൻ ഹരിഹരൻ കോടതിയെ അറിയിച്ചത്. ഈ സമയത്ത് ബിഭവ് കുമാർ മുഖ്യമന്ത്രിയുടെ വീട്ടിലുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് കടക്കാൻ സ്വാതിക്ക് അപ്പോയിൻ്റ്മെൻ്റ് ഉണ്ടായിരുന്നില്ല, സുരക്ഷാ ഉദ്യോഗസ്ഥർ അവരെ തടഞ്ഞു, പക്ഷേ അത് അവഗണിച്ച്അവർ വെയ്റ്റിംഗ് റൂമിൽ ഇരിക്കാൻ പോയി, സെക്യൂരിറ്റിയോട് ബിഭവ് കുമാറിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു’ ബിഭവ് കുമാറിന്റെ അഭിഭാഷകൻ പറഞ്ഞു.
ഗുരുതരമായ പരിക്കുകൾ ഒന്നും സ്വാതിക്ക് സംഭവിച്ചിട്ടില്ലെന്നും അഭിഭാഷകൻ വധിച്ചു. ഇപ്പോഴുള്ള മുറിവുകൾ അവർ സ്വയം ഉണ്ടാക്കിയതാവാമെന്നും അവർ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്ത തിരക്കഥയുടെ ഭാഗമാണെന്നും അഭിഭാഷകൻ വാദിച്ചു. ഇതിന് പിന്നാലെയാണ് സ്വാതി കോടതി മുറിയിൽ പൊട്ടിക്കരഞ്ഞത്.
മെയ് 13 ന് കെജ്‌രിവാളിൻ്റെ വസതിയിൽ വച്ച് തന്നെ ശാരീരികമായി ഉപദ്രവിച്ചതായി ബിഭവ് കുമാർ ഉപദ്രവിച്ചുവെന്നായിരുന്നു സ്വാതിയുടെ പരാതി. ബിഭവ് ആവർത്തിച്ച് തല്ലുകയും വയറിലും ഇടുപ്പ് ഭാഗത്തും ചവിട്ടുകയും ചെയ്തതായി ആയിരുന്നു എഫ്ഐആർ. പരാതിയെത്തുടർന്ന്, കുമാറിനെതിരെ പോലീസ് ഐപിസിയുടെ 354, 506, 509, 323 വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. പിന്നാലെ മെയ് 18 ന് ബിഭാവ് കുമാറിനെ അറസ്റ്റ് ചെയ്തു.