അഫ്ഗാനിസ്ഥാൻ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഉറവിടമായി മാറുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അഫ്ഗാനിൽ അഭിലഷണീയമായ മാറ്റം കൊണ്ടുവരാൻ ആഗോള തലത്തിൽ കൂട്ടായ ശ്രമം വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട് ജി 20 ഉച്ചകോടിയുടെ വെർച്വൽ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.
അഫ്ഗാൻ പൗരന്മാർക്ക് “അടിയന്തിരവും തടസ്സമില്ലാത്തതുമായ” മാനുഷിക സഹായം ആവശ്യമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. അഫ്ഗാനിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഭരണകൂടത്തിന്റെ ആവശ്യകതയും മോദി അടിവരയിട്ടു പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം 2593 അടിസ്ഥാനമാക്കിയുള്ള ഒരു ഏകീകൃത അന്താരാഷ്ട്ര പ്രതികരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 30 ന് അംഗീകരിച്ച യുഎൻഎസ്‌സി പ്രമേയം അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്നു. അഫ്ഗാൻ പ്രദേശം തീവ്രവാദത്തിന് ഉപയോഗിക്കരുതെന്നും പ്രതിസന്ധി തീർക്കാൻ ചർച്ച ചെയ്ത് ഒരു രാഷ്ട്രീയ ഒത്തുതീർപ്പ് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു.
പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്ന അഫ്ഗാൻ ജനതയുടെ വേദന ഓരോ ഇന്ത്യക്കാരനും മനസ്സിലാക്കുന്നുവെന്നും അടിയന്തിരവും തടസ്സമില്ലാത്തതുമായ മാനുഷിക സഹായം അഫ്ഗാന് ലഭിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര സമൂഹം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയും മോദി ഊന്നിപ്പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മേഖലയിലെ തീവ്രവാദത്തിന്റെയും മയക്കുമരുന്നുകളുടെയും ആയുധങ്ങളുടെയും കള്ളക്കടത്തിനെതിരായ സംയുക്ത പോരാട്ടം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
കഴിഞ്ഞ 20 വർഷത്തെ സാമൂഹിക-സാമ്പത്തിക നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും തീവ്രവാദപരമായ പ്രത്യയശാസ്ത്രത്തിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനും വേണ്ടി, അഫ്ഗാനിസ്ഥാനിൽ സ്ത്രീകളും ന്യൂനപക്ഷങ്ങളും ഉൾപ്പെടുന്ന ഒരു ഭരണകൂടത്തിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.