കെജ്‌രിവാളിന്റെ കാല്‍തൊട്ട് ഭഗവന്ത് മന്‍; സത്യപ്രതിജ്ഞ 16-ന്, വീഡിയോ

ആം ആദ്മി നേതാവ് ഭഗവന്ത് മന്‍ പഞ്ചാബ് മുഖ്യമന്ത്രിയായി മാര്‍ച്ച് 16ന് സത്യപ്രതിജ്ഞ ചെയ്യും. എഎപി ഡല്‍ഹിക്ക് പുറമേ അധികാരം പിടിക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്. 117 അംഗ നിയമസഭയില്‍ 92 സീറ്റും നേടി മിന്നും ജയത്തോടെയാണ് എഎപി അധികാരത്തിലേറുന്നത്.

ഇതിനിടെ വെള്ളിയാഴ്ച ഭഗവന്ത് മന്‍ ഡല്‍ഹിയിലെ വസതിയിലെത്തി പാര്‍ട്ടി ദേശീയ കണ്‍വീനറായ അരവിന്ദ് കെജ്രിവാളിനെ കണ്ടു. കെജ്രിവാളും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഒന്നിച്ചാണ് ഭഗവന്തിനെ സ്വീകരിച്ചത്. കെജ്രിവാളിന്റെ കാല്‍തൊട്ട് വണങ്ങിയ ഭഗവന്ത് ഇരുവരേയും ആശ്ലേഷിക്കുകയും ചെയ്തു. എഎപി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഇതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

‘എന്റെ ഇളയ സഹോദരനായ ഭഗവന്ത് മന്‍ പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിലേക്ക് എന്നെ ക്ഷണിക്കാനായി ഭഗവന്ത് ഇന്നു വസതിയിലെത്തി. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ പഞ്ചാബിലെ ജനങ്ങളുടെ എല്ലാ പ്രതീക്ഷകളും നിറവേറ്റാന്‍ ഭഗവന്തിന് സാധിക്കുമെന്ന് എനിക്ക് ഉറപ്പാണ്’ – ഭഗവന്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.