അയോദ്ധ്യയ്ക്ക് ശേഷം മഥുരയും കാശിയും; വിവാദ പരാമര്‍ശവുമായി യോഗി ആദിത്യനാഥ് രംഗത്ത്

അയോദ്ധ്യയ്ക്ക് ശേഷം മഥുരയും കാശിയുമാണ് ബിജെപിയുടെ പട്ടികയില്‍ അടുത്തതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയിലെ മൂന്ന് സ്ഥലങ്ങള്‍ മാത്രമാണ് ഹിന്ദു വിഭാഗത്തിന് ആവശ്യം. അയോദ്ധ്യ, മഥുര, കാശി എന്നിവയാണ് ഹിന്ദു വിഭാഗത്തിന് ആവശ്യം. ഉത്തര്‍പ്രദേശ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്.

അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയപ്പോള്‍ രാജ്യം അതില്‍ സന്തോഷിച്ചു. രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നേരത്തെ തന്നെ നടക്കുമായിരുന്നു. ബിജെപി ജനങ്ങള്‍ക്ക് നല്‍കുന്നത് വെറും വാഗ്ദാനങ്ങളല്ല. എന്നാല്‍ അയോദ്ധ്യ, മഥുര, കാശി എന്നിവിടങ്ങളിലെ വികസം തടസപ്പെടുത്തിയിരുന്നത് മുന്‍ സര്‍ക്കാരുകളാണെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

മുന്‍പ് അധികാരത്തിലുണ്ടായിരുന്ന സര്‍ക്കാരുകള്‍ക്ക് അയോദ്ധ്യയോടുള്ള സമീപനം നാം കണ്ടതാണ്. അയോദ്ധ്യയെ കര്‍ഫ്യൂവിന്റെയും നിരോധനങ്ങളുടെയും പരിധിയില്‍ കൊണ്ടുവന്നത് മുന്‍ സര്‍ക്കാരുകളാണ്. കാലങ്ങളോളം ഇത്തരം അനീതികള്‍ നേരിടേണ്ടി വന്നു. വ്യക്തമായി പറഞ്ഞാല്‍ അയോദ്ധ്യ നേരിട്ട 5000 വര്‍ഷം നീണ്ടുനിന്ന അനീതിയെ കുറിച്ചും പറയണമെന്നും യോഗി അറിയിച്ചു.