തക്കാളി വിളവെടുപ്പിനോട് അനുബന്ധിച്ച് സ്‌പെയിനില്‍ നടത്തുന്ന ലാ ടൊമാറ്റിനോയ്ക്ക് സമാനമായി ഇന്ത്യയിലെ ഒരു ആഘോഷവും സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയാകുകയാണ്. തക്കാളി കൂടുതലായി ഉത്പാദിപ്പിക്കുന്ന സ്‌പെയിനില്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തിലെ അവസാനത്തെ ബുധനാഴ്ചയാണ് ലാ ടൊമാറ്റിനോ എന്ന ടൊമാറ്റോ ഫെസ്റ്റ് നടക്കുന്നത്.
തെരുവുകളും നഗരവീഥികളും തക്കാളിയുടെ നിറത്തിലാകുന്ന ലാ ടൊമാറ്റിനോ സിനിമകളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും ഇന്ത്യക്കാര്‍ക്ക് സുപരിചിതമാണ്. തക്കാളി പരസ്പരം എറിഞ്ഞ് ആഘോഷത്തില്‍ പങ്കെടുക്കുന്ന യുവത സ്‌പെയിനിന്റെ ഐക്യത്തിന്റെയും കാര്‍ഷിക സംസ്‌കാരത്തിന്റെയും അടയാളം കൂടിയാണ്.
തമിഴ്‌നാട്ടില്‍ നിന്ന് പുറത്തുവരുന്നതും ഇത്തരത്തില്‍ ഒരു ആഘോഷത്തിന്റെ വാര്‍ത്തകളാണ്. ഏകദേശം 300 വര്‍ഷം പഴക്കമുള്ളതാണ് ആ ആഘോഷമെന്ന് തമിഴ്‌നാട് അവകാശപ്പെടുന്നുണ്ട്. ദീപാവലി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി ദേഹം മുഴുവന്‍ ചാണകം പുരട്ടിയും ചാണകം പരസ്പരം എറിഞ്ഞും ദേഹത്ത് തേച്ചുമാണ് തമിഴ്‌നാട്ടിലെ ഇറോഡിലെ തലവടിയില്‍ ദീപാവലി ആഘോഷത്തിന്റെ സമാപനം.
ദീപാവലി കഴിഞ്ഞ് നാലാം ദിവസമാണ് സമാപനം. ബിരേശ്വര ക്ഷേത്രത്തില്‍ നടക്കുന്ന ആഘോഷത്തിനായി തലേദിവസം തന്നെ കന്നുകാലികളുടെ ചാണകം ശേഖരിച്ച് പ്രത്യേകം തയ്യാറാക്കിയ കുഴിയില്‍ നിറയ്ക്കും. കന്നുകാലി ചാണകം എറിയുന്ന ചടങ്ങ് പൂര്‍ത്തിയാകുമ്പോള്‍, ചാണകം ഗ്രാമവാസികള്‍ക്കിടയില്‍ വിതരണം ചെയ്യും.
ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന ചാണകം കൃഷിക്കായി ഉപയോഗിക്കുന്നതാണ് പതിവ്. ഇതിലൂടെ വിളവ് വര്‍ദ്ധിക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം. നൂറ്റാണ്ടുകളായി പ്രകൃതിദത്ത കമ്പോസ്റ്റായി ഉപയോഗിച്ചിരുന്ന കുഴിയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ശിവലിംഗം കണ്ടെത്തിയിരുന്നു. ആ ശിവലിംഗമാണ് ഇപ്പോള്‍ ബീരേശ്വരര്‍ ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്നത്.