ഭൂകമ്പത്തിൽ തകർന്ന അഫ്ഗാനിസ്ഥാന് സഹായഹസ്തവുമായി ഇന്ത്യ. കാബൂളിലെ ഇന്ത്യൻ എംബസി കേന്ദ്രീകരിച്ചാണ് സാങ്കേതികസംഘം പ്രവർത്തിക്കുന്നത്. അഫ്ഗാനിസ്ഥാൻ ജനതക്ക് ദുരിതാശ്വാസ സാമഗ്രികളും മാനുഷിക സഹായം ഫലപ്രദമായി വിതരണം ചെയ്യുന്നതിനാണ് പ്രത്യേക സാങ്കേതിക സംഘത്തെ വിന്യസിച്ചതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രത്യേക സൈനിക വിമാനത്തിലാണ് സാങ്കേതിക സംഘത്തെ കാബൂളിലെത്തിച്ചത്.
ആദ്യഘട്ട ദുരിതാശ്വാസ സാമഗ്രികൾ അഫ്ഗാനിസ്ഥാൻ അധികൃതർക്ക് കൈമാറിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഫ്ഗാൻ ജനതയുമായി ഇന്ത്യക്ക് ചരിത്രപരവും നാഗരികവുമായ ദീർഘകാല ബന്ധവുമുണ്ട്. മാനുഷിക സഹായം ഉൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വികസന പങ്കാളിത്തം മുന്നോട്ടുള്ള സമീപനത്തെ നയിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
നേരത്തെ, അഫ്ഗാനിൽ മാനുഷിക സഹായ വിതരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിൻറെ ഭാഗമായി ഇന്ത്യൻ സംഘം കാബൂൾ സന്ദർശിക്കുകയും താലിബാൻറെ മുതിർന്ന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
Read more
കഴിഞ്ഞ ദിവസമുണ്ടായ അതീതിവ്ര ഭൂചലനത്തിൽ 1000ലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. 1500 പേർക്ക് പരിക്കേറ്റു. പാകിസ്താൻ അതിർത്തിക്ക് സമീപമുള്ള പക്തിക, ഖോസ്ത് പ്രവിശ്യകളിലായിരുന്നു ഭൂചലനമുണ്ടായത്. കെട്ടിടങ്ങളും വീടുകളും തകർന്നു. 20 വർഷത്തിനിടെ അഫ്ഗാനിസ്ഥാനിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിത്.