കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി രാജസ്ഥാന്‍ നിയമസഭയും. കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നത്. രാജ്യവ്യാപകമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നിയമം റദ്ദാക്കണമെന്ന് രാജസ്ഥാന്‍ നിയമസഭ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രമേയം ചര്‍ച്ചയ്‌ക്കെടത്തതോടെ ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റു. ഭേദഗതി നിയമത്തിന് അനുകൂലമായി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു.
പാര്‍ലമെന്റ് പാസാക്കിയ നിയമം അനധികൃത കുടിയേറ്റക്കാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ മവര്‍തിരിക്കുന്നതാണെന്നും അത്തരം വിവേചനങ്ങള്‍ ഭരണഘടനയുടെ മതേതര മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും അനുഛേദം 14ന്റെ നഗ്നമായ ലംഘനമാണെന്നും പ്രമേയം പറയുന്നു.
മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കുന്ന ഒരു നിയമം ഇതാദ്യമായാണ് രാജ്യത്ത് നടപ്പാക്കുന്നതെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ നിയമം വലിയ ആശങ്കകള്‍ സൃഷ്ടിക്കപ്പെടുന്നതെന്നും രാജ്യമെമ്പാടും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. അസമില്‍ കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രകാരം 19 ലക്ഷം പേര്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട കാര്യവും പ്രമേയത്തില്‍ പറയുന്നു.
ഇതോടെ ഈ വിഷയത്തില്‍ പ്രമേയം പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് രാജസ്ഥാന്‍. കേരളമാണ് ഈ വിഷയത്തില്‍ ആദ്യമായി പ്രമേയം പാസാക്കുന്ന സംസ്ഥാനം. പിന്നാലെ പഞ്ചാബും ഈ മാതൃക പിന്തുടര്‍ന്ന് പ്രമേയം പാസാക്കി. അതേസമയം, പശ്ചിമ ബംഗാള്‍ നിയമസഭ തിങ്കാളഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ചേരുന്ന പ്രത്യേക സമ്മേളനത്തില്‍ നിയമം റദ്ദാക്കണമെന്ന പ്രമേയം കൊണ്ടുവരും.